9 മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റതായി വിവരം. മലപ്പുറം തിരൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

മലപ്പുറം: 9 മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു. മലപ്പുറം തിരൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ തിരൂർ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂർ പൊലീസ് അറിയിച്ചു. കുഞ്ഞിനെ വാങ്ങിയത് വളർത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി പൊലീസുദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി.

അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയതെന്നാണ് ലഭ്യമാകുന്ന വിവരം. 3 ലക്ഷം രൂപയാണ് കുഞ്ഞിനെ വിൽക്കാൻ ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ ഇവര്‍ തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്സിലാണ് കുഞ്ഞിന്‍റെ കുടുംബം താമസിച്ചിരുന്നത്. 

അയൽക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം ആദ്യം ചോദിച്ചത്. മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമായ ഉത്തരം നൽകിയില്ല. അതോടെ അയൽക്കാരാണ് തിരൂര്‍ പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തി അന്വേഷിച്ചപ്പോഴും ഇവര്‍ വ്യക്തമായ മറുപടി നൽകിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്. കുഞ്ഞിന്‍റെ അമ്മയായ കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. 

Asianet News Live | Nilambur Kottikkalasam | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News