ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്താന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ആറു മാസമായിരുന്നു തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്തുമെന്ന് എ ഐ എ ഡി എം കെ തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ജയലളിതയാണ് പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്തിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതുകൂടാതെ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കോടികളുടെ വികസന പദ്ധതികളും ജയലളിത പ്രഖ്യാപിച്ചു. മധുര രാജാജി ആശുപത്രി, കില്‍പ്പോക്ക്, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികള്‍ക്ക് പുതിയ ഐ പി - ഒ പി ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. വെല്ലൂര്‍, ത‌ഞ്ചാവൂര്‍, സേലം, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, തഞ്ചാവൂര്‍ ജനറല്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്. തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ജയലളിത പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.