ദില്ലി: അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയുള്ള കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 500 ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ പൊതുവെയുണ്ടായിരുന്ന വിലയിരുത്തല്‍ രണ്ടരലക്ഷം കോടിയുടെ നോട്ടുകള്‍ എങ്കിലും തിരിച്ചു വരില്ല എന്നായിരുന്നു. എന്നാല്‍ കള്ളപ്പണം ആരും നശിപ്പിച്ചില്ലെന്നും ബാങ്കിലിട്ടെന്നുമുള്ള സൂചനയാണ് പുറത്തു വരുന്നത്.
നവംബര്‍ എട്ടിന് 15.44 ലക്ഷം കോടി രൂപയുടെ 500,1000 രൂപ നോട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ 14.97 ലക്ഷം കോടി, അതായത് 97 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. സംഖ്യ അറിയില്ല എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചെങ്കിലും ഈ കണക്ക് നിഷേധിച്ചില്ലെന്നതും ശ്രദ്ധേയം.
കള്ളപ്പണവേട്ടയ്‌ക്ക് നോട്ട് അസാധുവാക്കല്‍ സഹായിച്ചോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഈ കണക്ക്. അസാധുനോട്ടുകള്‍ ഇനി മാറ്റി വാങ്ങാനുള്ള സൗകര്യം പ്രവാസികള്‍ക്കും വിദേശയാത്രയില്‍ ആയിരുന്നവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. ദില്ലി ഉള്‍പ്പടെയുള്ള റിസര്‍വ്വ് ബാങ്ക് ഓഫീസില്‍ സാധാരണക്കാര്‍ നോട്ടു മാറാന്‍ ഏത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയാണ്.
പണം പിന്‍വലിക്കാനുള്ള നിയന്ത്രണം രണ്ടു മാസം എങ്കിലും തുടരും. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകും വരെയെങ്കിലും ഇപ്പോള്‍ ബാങ്കിലിട്ട പണം മുഴുവന്‍ പുറത്തേക്ക് വരാന്‍ കേന്ദ്രം അനുവദിക്കില്ലെന്ന് വ്യക്തം.
