97കാരിയായ ഹസ്രത്ത് ബീവിയാണ് ഇമ്രാൻ ഖാനെതിരെ മത്സരിക്കാനൊരുങ്ങുന്നത് ഹസ്രത്ത് ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്

ദുബായ്: മുന്‍ പാക്ക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനെതിരെ മത്സരിക്കാൻ 97കാരി രം​ഗത്ത്. വരുന്ന പാക്ക് പൊതു തിരഞ്ഞെടുപ്പില്‍ 97കാരിയായ ഹസ്രത്ത് ബീവിയാണ് ഇമ്രാൻ ഖാനെതിരെ മത്സരിക്കാനൊരുങ്ങുന്നത്. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയുടെ എന്‍എ 35, പികെ 89 എന്നീ സീറ്റുകളിലേക്കാണ് ഹസ്രത്ത് നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ പോകുന്നത്.

പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഹസ്രത്ത് ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിന് മുന്‍പ് അഞ്ച് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. സ്ത്രീകളുടെ അവകാശം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് ഹസ്രത്ത് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 30,000 പാക്ക് രൂപ വേണമെന്നത് മാത്രമാണ് ഹസ്രത്തിന് ഇപ്പോൾ മുന്നിലുളള വെല്ലുവിളി. ഇതിന് മുമ്പും ഹസ്രത്ത് ബീവിയെക്കുറിച്ചുള്ള വാര്‍ത്തകൾ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു.‍ ജയിക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് ഹസ്രത്ത് പറഞ്ഞു. 
ഹസ്രത്തിന് നിരവധി പേരാണ് പിന്തുണയുമായി രം​ഗത്തെത്തിയിട്ടുള്ളത്.