ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയിൽ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തിൽ പത്താം ക്ലാസുകാരൻ പിടിയിൽ. സ്കൂളിന് നാണക്കേടുണ്ടാക്കി, വഴക്കുപറഞ്ഞ അധ്യാപകനോട് പകരം വീട്ടാനായിരുന്നു കൊലപാതകമെന്ന് വിദ്യാർത്ഥി പൊലീസിനോട് സമ്മതിച്ചു.

വെള്ളിയാഴ്ചയാണ് ഗുജറാത്തിലെ വഡോദരയിലെ സ്‌കൂളില്‍ ഒന്പതാം ക്ലാസ് വിദ്യാര്‍ഥിയായ ദേവ് തദ്വിയെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിൽ പത്തിലേറെ മുറിവുകൾ ഉണ്ടായിരുന്നു. സിസിടിവി ദൃ-ശ്യങ്ങളാണ് പത്താംതരം വിദ്യാർഥിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ദേവ് തദ്വിക്കൊപ്പം വിദ്യാർഥി ശുചിമുറിയിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഒപ്പം ഇരുവരെയും  കണ്ടതായി മറ്റുകുട്ടികളും മൊഴി നൽകി. 

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപകൻ വഴക്കുപറഞ്ഞതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വിദ്യാർത്ഥി മൊഴി നൽകിതായി പൊലീസ് പറഞ്ഞു. സ്കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാനായിരുന്നു പദ്ധതി. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായ വിദ്യാർഥിക്ക്, പെരുമാറ്റ വൈകല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പതിനേഴുകാരനായ പത്താംതരം വിദ്യാർത്ഥിക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുത്തു.