കുന്നമംഗലത്തിനടുത്ത പതിമംഗലം സ്വദേശിയായ അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
കോഴിക്കോട്: തൊട്ടുകൂടായ്മയും ജന്മിത്തവും ശക്തമായിരുന്ന കാലത്ത് ഉച്ചനീചത്വങ്ങള്ക്കെതിരെ പോരാടി പൊതുപ്രവര്ത്തനരംഗത്തെത്തുകയും സംസ്ഥാന കോണ്ഗ്രസ് കമ്മിറ്റിയുടെ നിര്വാഹക സമിതി അംഗമാവുകയും ചെയ്ത നേതാവായിരുന്നു എ ബാലറാം. കുന്നമംഗലത്തിനടുത്ത പതിമംഗലം സ്വദേശിയായ അദ്ദേഹം ഹൈസ്കൂള് വിദ്യാര്ത്ഥിയായിരിക്കുമ്പോള് തന്നെ കോണ്ഗ്രസ് പ്രവര്ത്തകനായ അദ്ദേഹം മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില് യുഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്നു.
ജാതി അവഗണനകള്ക്കെതിരെ പ്രാദേശിക കൂട്ടായ്മകള് സംഘടിപ്പിച്ച് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധേയനായി. 1963 ല് വയനാട് ജില്ലയിലെ ചുള്ളിയോട് ഗവ. വെല്ഫയര് സ്കൂളില് അധ്യാപകനായി ജോലിയില് പ്രവേശിച്ച ബാലറാം അധ്യാപകര്ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് പൊതുവേദിയില് പ്രസംഗിച്ചു എന്ന ആരോപണത്തെ തുടര്ന്ന് ജോലി രാജിവെക്കുകയായിരുന്നു. 1957 ലെ വിമോചന സമരത്തില് പങ്കെടുത്തതിന്റെ പേരില് ജയില് വാസം അനുഭവിച്ചു. 1976 ല് കോഴിക്കോട് ഡിസിസി നിര്വാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഡിസിസി ജനറല് സെക്രട്ടറി, കെപിസിസി അംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചു.
നിരവധി ഐ എന് ടി യു സി യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. 2000 ല് കുന്നമംഗലം ഡിവിഷനില് നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1981 ലും 1991 ലും കുന്നമംഗലം നിയോജകമണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിച്ചു. 2011 ല് ബാലുശ്ശേരി നിയോജക മണ്ഡലത്തില് നിന്നും യുഡിഎഫ് സ്ഥാനാര്ത്ഥിയായി ജനവിധി തേടി. 1990 ല് ജില്ലാ കൗണ്സില് അംഗമായിരുന്നു. കുന്നമംഗലം പഞ്ചായത്ത് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആര്ടിഎ മെമ്പര്, എസ്സി എസ്ടി വികസന കോര്പ്പറേഷന് അംഗം, ടെലഫോണ് അഡൈ്വസറി കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചിട്ടുണ്ട്. സഹപ്രവര്ത്തകരെല്ലാം ബാലാജി എന്നാണ് അദ്ദേഹത്തെ വിളിച്ചത്. എ ബാലറാമിന്റെ നിര്യാണത്തില് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം എകെ ആന്റണി, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മുന് കേന്ദ്രമന്ത്രി വയലാര് രവി തുടങ്ങിയ നേതാക്കള് അനുശോചിച്ചു.
ദീര്ഘകാലം കെപിസിസി നിര്വാഹക സമിതി അംഗം എന്ന നിലയിലും ജില്ലയിലെ പ്രമുഖ കോണ്ഗ്രസ് നേതാവെന്ന നിലയിലും പ്രവര്ത്തകര്ക്കിടയില് സ്വീകാര്യത നേടിയ വ്യക്തിത്വമായിരുന്നു എ ബാലറാമിന്റേതെന്ന് എം.കെ. രാഘവന് എംപി അനുശോചന സന്ദേശത്തില് പറഞ്ഞു. താഴെത്തലത്തില് നിന്ന് ഉയര്ന്ന് കെപിസിസി നിര്വാഹക സമിതി അംഗം വരെയായ അദ്ദേഹം എന്നും എളിമയും ആത്മാര്ത്ഥതയും കൈമുതലായി സൂക്ഷിച്ചു. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളില് സജീവമായി ഇടപെടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഏറെ അടുപ്പമുള്ള സഹപ്രവര്ത്തകനെയാണ് നഷ്ടമായതെന്ന് എംപി പ്രസ്താവിച്ചു.
പിന്നാക്ക വിഭാഗത്തിന്റെയും അരികുവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി കോണ്ഗ്രസിലും ജില്ലാ പഞ്ചായത്തിലും പ്രവര്ത്തിച്ച നേതാവായിരുന്നു എ ബാലറാമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്. ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില് അദ്ദേഹം നടത്തിയ വികസനങ്ങള് എക്കാലവും സ്മരിക്കപ്പെടും. ജില്ലയില് കോണ്ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായി എക്കാലവും ഉപദേശ നിര്ദ്ദേശങ്ങള് നല്കിയ നേതാവു കൂടിയായിരുന്നു ബാലറാമെന്ന് സിദ്ദിഖ് അനുസ്മരിച്ചു.
എ ബാലറാമിന്റെ നിര്യാണത്തില് കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, കെ പി അനില്കുമാര്, എന് സുബ്രഹ്മണ്യന്, സെക്രട്ടറിമാരായ അഡ്വ. കെ പ്രവീണ്കുമാര്, കെ ജയന്ത്, മുന് ഡിസിസി പ്രസിഡന്റുമാരായ അഡ്വ. പി ശങ്കരന്, അഡ്വ. എം വീരാന്കുട്ടി, കെ സി അബു, എഐസിസി അംഗം പി വി ഗംഗാധരന്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്, ദളിത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ വിദ്യാധരന്, കെപിസിസി നിര്വാഹക സമിതി അംഗങ്ങളായ കെ രാമചന്ദ്രന്, അഡ്വ. പിഎം നിയാസ്, കെ ബാലകൃഷ്ണന് കിടാവ് തുടങ്ങിയവര് അനുശോചിച്ചു.
