മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന എ.ബാലറാം (79) അന്തരിച്ചു.

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്ന എ.ബാലറാം (79) അന്തരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃനിരയിലെ പ്രമുഖനായിരുന്ന ബാലറാം ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. 1981 ലും 1991 ലും കുന്നമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും 2011 ല്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടി. 

പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലറാം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം, ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍.ടി.എ.അംഗം, ഡിആര്‍ഡിഎ ഗവേണിംഗ് ബോര്‍ഡംഗം, ടെലഫോണ്‍ ഉപദേശക സമിതി അംഗം, പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഡയരക്ടര്‍, പട്ടികജാതി പട്ടികവര്‍ഗ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ വിവിധ കേന്ദ്ര സംസ്ഥാന ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും അംഗമായിരുന്നു. 

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖ്യധാരയിലേക്കെത്തിയ അപൂര്‍വ്വം ദലിത് നേതാക്കളിലൊരാളായിരുന്ന ബലറാം നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഭൂദാന പ്രസ്ഥാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാരതീയ അധ: കൃതവര്‍ഗ ലീഗ്, ദലിത് കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ച എ. ബലറാം ദലിത് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: റീന, റിജേഷ് റാം, റിനീഷ്ബാല്‍, മരുമക്കള്‍: ശങ്കരന്‍, അപര്‍ണ. സഹോദരങ്ങള്‍: സുനിതി, സുശീല, റീന. ഇന്ന് വൈകീട്ട് മൂന്നിന് കുന്നമംഗലം പതിമംഗലത്തെ തറവാട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മൃതദേഹം ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിനു വെച്ചു.