കോഴിക്കോട്: താമരശ്ശേരി ഗവ ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസ് പിരിക്കലിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ഓട്ടോക്കാരില്‍ നിന്നും, രോഗികള്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമായി വരുന്നവരില്‍ നിന്നും ഫീസ് ഈടാക്കുന്നതായും പരാതി. എയര്‍പോര്‍ട്ടില്‍ വരെ 15 മിനുറ്റ് നേരത്തേക്ക് ഫീസ് ഇല്ലാതെ പാര്‍ക്കിംഗ് അനുവദിക്കുമ്പോള്‍ താമരശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്നത് അനീതിയാണെന്ന ആക്ഷേപമുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വരെ ഇരുചക്രവാഹനങ്ങള്‍ക്ക് 5 രൂപ മാത്രമേ പാര്‍ക്കിംഗിനായി വാങ്ങുന്നുള്ളൂ എന്നാല്‍ താമരശ്ശേരി ആശുപത്രിയില്‍ പത്തു രൂപയാണ്. ആശുപത്രി വളപ്പില്‍ ഫീസില്ലാതെ പാര്‍ക്ക് ചെയ്യാനുള്ള സമയപരിതി 15 മിനറ്റെങ്കിലും ആക്കണമെന്നും, ഇരുചക്രവാഹനങ്ങളുടെ ഫീസ് 5 രൂപയായി കുറക്കണമെന്നും നാട്ടുകാരുടെ ആവശ്യം.
എന്നാല്‍ ഉടനെ തിരിച്ച് പോകുന്ന വാഹനങ്ങളില്‍ നിന്നും ഫീസ് ഈടാക്കില്ലെന്നും അപാകത സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ഫീസ് പിരിക്കുന്ന ജീവനക്കാര്‍ പറയുന്നത്. ആശുപത്രിയിലെ പാര്‍ക്കിംഗ് ഫീസ് കൊള്ളക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. ഗവ.ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ അന്യായമായ പാര്‍ക്കിംഗ് ഫീസിനെതിരായ സമരത്തിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സുബൈര്‍ വെഴുപ്പൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
