ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ സംപ്രേക്ഷണം ചെയ്ത് 32കാരന്‍ ജീവനൊടുക്കി. ഹരിയാനയിലെ സോനാപേട്ട് ജില്ലയിലാണ് സംഭവം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ആത്മഹത്യ ലൈവായി കാണിക്കും മുന്‍പ് ദീപക്ക് ആത്മഹത്യയുടെ കാരണം വീട്ടിലെ ഒരു ചുമരില്‍ എഴുതിവച്ചിരുന്നു എന്നാണ് സോനാപേട്ട് പോലീസ് സൂപ്രണ്ട് ആശ്വിന്‍ ഷെന്‍വി പറയുന്നത്.

ഇയാളുടെ എഴുത്ത് പ്രകാരം, അയല്‍വാസിയായ സ്ത്രീ നിരന്തരം ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമായത്. ദീപക്കിന്‍റെ അയല്‍വാസിയായ സ്ത്രീ ദില്ലി പോലീസില്‍ എഎസ്ഐയായി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് ഒരു ഇന്‍സ്പെക്ടറുമായി അവിഹിത ബന്ധമുള്ള കാര്യം ദീപക്ക് മനസിലാക്കുകയും, ഹരിയാന പോലീസില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭര്‍ത്താവിനെ ഈ കാര്യം അറിയിക്കുകയും ചെയ്തു.

ഇതിന്‍റെ പ്രതികാരം എന്ന നിലയില്‍ അയല്‍വാസിയായ സ്ത്രീ ദീപക്കിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിന്‍റെ മാനസിക സമ്മര്‍ദ്ദമാണ് ദീപക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഫേസ്ബുക്ക് ലൈവ് നല്‍കി ആത്മഹത്യകള്‍ നടന്ന വാര്‍ത്തകളാണ് ദീപക്കിനെ ആ വഴിക്ക് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഫേസ്ബുക്ക് ലൈവ് നല്‍കി ആത്മഹത്യ ചെയ്താന്‍ കൂടുതല്‍ മാധ്യമശ്രദ്ധയും അതുവഴി തന്‍റെ മരണത്തിന് കാരണമായവര്‍ ശിക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായും ദീപക്ക് മരണകുറിപ്പില്‍ കുറിച്ചിട്ടുണ്ട്. കേസില്‍ ആത്മഹത്യ പ്രേരണ കേസില്‍ ദീപക്കിന്‍റെ അയല്‍വാസിയായ സ്ത്രീക്കെതിരെയും, അവരുമായി ബന്ധമുണ്ടെന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയും കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണയ്ക്കാണ് കേസ്.