മെസിയെ കാണാന്‍ റഷ്യയിലേക്കുള്ള ഒരു സൈക്കിള്‍ യാത്രയുടെ കഥ

മോസ്‌കോ: ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പോവുക... ആഹാ, എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് നമ്മള്‍ തമാശിക്കുമ്പോള്‍ ആലപ്പുഴക്കാരനായ ക്ലിഫിന്‍ ഫ്രാന്‍സിസ് ആ സ്വപ്‌നത്തിലേക്ക് സൈക്കിളോടിച്ച് എത്തിയിരിക്കുന്നു. പ്രിയതാരം മെസ്സിയെ കാണാനുള്ള ഓട്ടത്തിലായിരിക്കും ഇപ്പോള്‍ ക്ലിഫിന്‍. ഫുട്‌ബോള്‍ ഭ്രാന്തനായ തന്നോട് ലോകകപ്പ് കാണാന്‍ പോകുമോ എന്ന് ചോദിച്ച സുഹൃത്തിനാണ് ക്ലിഫിന്‍ നന്ദി പറയേണ്ടത്. ആ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം.

ഞാനുറപ്പായും പോകുമെന്ന് മറുപടി നല്‍കുമ്പോഴും ക്ലിഫിനറിയില്ലായിരുന്നു എങ്ങനെ പോകുമെന്ന്. 

ആകാശമാര്‍ഗ്ഗം റഷ്യ വരെ പോയാല്‍ ചീട്ടുകീറുമെന്ന് ക്ലിഫിന്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സൈക്കിളെന്ന ചിന്ത വരുന്നത്. അങ്ങനെ ഫെബ്രുവരി അവസാനത്തോടെ നാട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടു. ആദ്യം ദുബായിലെത്തി അവിടുന്ന് ഒരു സൈക്കിളൊപ്പിച്ച് ഇറാനിലേക്ക് യാത്ര തുടര്‍ന്നു. ഇറാന്‍ എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്ന കലാപകലുഷിതമായ ചിത്രങ്ങളൊക്കെ ക്ലിഫിന്‍ എന്നെന്നേക്കുമായി കത്തിച്ചുകളഞ്ഞു. ഇറാനില്‍ ചെലവഴിച്ച 45 ദിവസങ്ങള്‍ അങ്ങനെയാണ് ക്ലിഫിനെ വരവേറ്റത്. രണ്ടേ രണ്ട് ദിവസങ്ങളേ ക്ലിഫിന്‍ ഇറാനില്‍ കാശ് കൊടുത്ത് താമസിച്ചുള്ളൂ. ബാക്കിയെല്ലാം ദിവസങ്ങളിലും പരിചയക്കാരുടെ വിരുന്നുകാരനായി പാര്‍ത്തു. ഇറാന്‍റെ അതിര്‍ത്തി കടക്കുമ്പോള്‍ നന്ദി, വീണ്ടും വരാമെന്നൊരു ബോര്‍ഡ് ക്ലിഫിന്‍ മനസ്സിനുള്ളില്‍ നാട്ടി.

ഇറാനില്‍ നിന്ന് അസര്‍ബൈജാനിലേക്ക് പോകുമ്പോള്‍ കേട്ടറിവുകള്‍ മാത്രമായിരുന്നു യാത്രയുടെ കൂട്ടിരിപ്പുകാര്‍. ഭാഷയറിയാതെ പെട്ടുപോയപ്പോഴൊക്കെ മുന്നില്‍ മലയാളികള്‍ വന്നുകൊണ്ടിരുന്നു. താമസത്തിനും ഭക്ഷണത്തിനും ഒന്നും പ്രശ്‌നം നേരിട്ടില്ല. എന്നാല്‍ ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ വച്ച് പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ക്ലിഫിന്റെ സൈക്കിള്‍ സ്റ്റാന്‍ഡിലായി. എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചുപോയ നേരം. വീണ്ടെടുത്ത ബോധത്തില്‍ തിരിച്ച് അസര്‍ബൈജാനിലേക്ക് കയറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

ഫുട്‌ബോള്‍ ഒരു ആഗോള ഭാഷയാണെന്നാണ് ക്ലിഫിന്‍ പറയുന്നത്. 'അത് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കും.

അസര്‍ബൈജാന്‍ വഴിയാണ് റഷ്യയിലെത്തുന്നത്. സൈക്കിളില്‍ ലോകകപ്പ് കാണാന്‍ റഷ്യയിലെത്തിയ ഇന്ത്യക്കാരന്‍ എന്ന് കേട്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. ഭാഷയറിയാതെയും എല്ലാവരുമായി ചങ്ങാത്തത്തിലായി. ഫുട്‌ബോള്‍ ഒരു ആഗോള ഭാഷയാണെന്നാണ് ക്ലിഫിന്‍ പറയുന്നത്. 'അത് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കും. ഇനി മെസിയെ ഒന്നു കാണണം... കഴിയുമെങ്കില്‍ സൈക്കിളില്‍ മെസിയുടെ ഓട്ടോഗ്രാഫ് വാങ്ങണം, യാത്രകള്‍ തുടരണം'. ക്ലിഫിന്‍ പ്രതീക്ഷകളുടെ സൈക്കിളോട്ടത്തിലാണ്.