ഒരു വ‍ർഷമായി തുറക്കാത്ത മൂന്ന് ലോക്കറില്‍ നിന്ന് കിട്ടിയത്  5.7 കോടി രൂപയും 7.8 കോടിയുടെ ആഭരണങ്ങളും 500 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുരേഖകളും.

ബംഗളൂരു: ബംഗളൂരു നഗരത്തിലെ സമ്പന്നരുടെ ക്ലബ്ബുകളിലെന്നാണ് പ്രശസ്തമായ ബൗറിങ് ക്ലബ്ബ്. അംഗങ്ങള്‍ക്ക് സ്വന്തമായ ലോക്കറുകള്‍ 20 രൂപ വാടകയ്ക്ക് ഇവിടെ ലഭ്യമാണ്. കഴിഞ്ഞ ദിവസം ലോക്കറുകള്‍ പൊളിച്ച ക്ലബ് ജീവനക്കാര്‍ ‌ഞെട്ടി. വര്‍ഷങ്ങളായി തുറക്കാതിരുന്ന ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. 5.7 കോടി രൂപയും 7.8 കോടിയുടെ ആഭരണങ്ങളും 500 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുരേഖകളും. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ഗുജറാത്ത് സ്വദേശി അവിനാശ് അമർലാൽ ഉപയോഗിച്ചിരുന്ന മൂന്ന് ലോക്കറുകളിൽ നിന്നാണ് കോടികളുടെ സ്വത്തുക്കൾ കണ്ടെത്തിയത്. 

ഇന്ത്യയിലെ തന്നെ അതിസമ്പന്നരാണ് ബൗറിങ് ക്ലബ്ബിലെ അംഗങ്ങൾ. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ഗുജറാത്ത് സ്വദേശി അവിനാശ് അമർലാലിന് ബൗറിങ് ക്ലബ്ബില്‍ മൂന്ന് അക്കൗണ്ടുകളാണ് ഉള്ളത്. 1993 മുതൽ സജീവ അംഗമായിരുന്ന അവിനാശ് കുറച്ച് നാളുകളായി സജീവമല്ലായിരുന്നു. ലോക്കർ ഉപയോഗിക്കാത്തത് സംബന്ധിച്ച് ഒട്ടേറെത്തവണ അവിനാശിന് ക്ലബ് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. ഒരു വർഷത്തിലേറെയായി ഇയാള്‍ വാടക നൽകിയിരുന്നില്ലെന്ന് ക്ലബ്ബ് അധികൃതർ പറഞ്ഞു. 

672 ലോക്കറുകൾ ക്ലബ്ബിലുണ്ട്. ലോക്കർ വാടക മാസത്തിൽ 20 രൂപയായിരുന്നത് ഈയിടെ 50 രൂപയായി ഉയർത്തി. ഒരു വർഷമായി വാടക ആവശ്യപ്പെടുന്നു എന്നാല്‍ ഇയാള്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇമെയിൽ വഴിയും എസ്.എം.എസ്. വഴിയും വാടക നൽകാത്ത അംഗങ്ങൾക്ക് നോട്ടീസ് നൽകി വരികയായിരുന്നു. ഈ മാസം ആദ്യ ആഴ്ച നൽകിയ നോട്ടീസിനും മറുപടിയില്ലാത്തതിനെത്തുടർന്നാണ് 126 ലോക്കറുകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്.

69,71,78 നമ്പറുകളിലുള്ള അവിനാശിന്‍റെ ലോക്കറുകളിൽ ആറ് വലിയ സഞ്ചികളിലായാണ്‌ പണവും ആഭരണങ്ങളും രേഖകളും കണ്ടെത്തിയത്. ഉടൻതന്നെ പോലീസിനെയും ആദായ നികുതി വകുപ്പിനെയും ക്ലബ്ബ് സെക്രട്ടറി വിവരം അറിയിച്ചു. 150 വർഷം പഴക്കമുള്ള ബൗറിങ് ക്ലബ്ബിൽ പതിനായിരത്തിലധികം അംഗങ്ങളുണ്ട്‌. സംഭവത്തിൽ ആദായനികുതി വകുപ്പുദ്യോഗസ്ഥർ ക്ലബ്ബ് അധികൃതരെ ഞായറാഴ്ച വിശദമായി ചോദ്യം ചെയ്തു. ആദായനികുതി ഉദ്യോഗസ്ഥർ ക്ലബിൽ പരിശോധനയ്ക്കെത്തിയപ്പോൾ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ വിട്ടുതരണമെന്ന് അവിനാശ് ആവശ്യപ്പെട്ടെന്നും കൈക്കൂലി വാഗ്ദാനം ചെയ്തെന്നും ക്ലബ്ബ് സെക്രട്ടറി ശ്രീകാന്ത് പോലീസിനോട് പറഞ്ഞു.