40 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ: ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയില്‍ വന്‍ അഗ്‌നിബാധ. ചന്തയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചൈനീസ് വില്‍പ്പനശാലയും സമീപത്തെ പച്ചക്കറി വണ്ടികളും കത്തിനശിച്ചു. 40 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 5.30 ഓടെയാണ് സംഭവം. ചന്തയില്‍ സാധനം വാങ്ങാനെത്തിയവരും ചുമട്ടു തൊഴിലാളികളുമാണ് തീപര്‍ന്നു പിടിയ്ക്കുന്നത് ആദ്യം കണ്ടത്. 

ഉടന്‍ തന്നെ ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനേയും നാട്ടുകാര്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും തീ ആളിപടന്നു. പിന്നീട് ചങ്ങനാശേരി, കായംകുളം, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ നിന്ന് 6 ഫയര്‍ഫോസ് യൂണിറ്റുകള്‍ എത്തി. 7 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്്. 

വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് അഗ്‌നിബാധ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപമുണ്ടായിരുന്ന ചെറിയ പെട്ടിക്കടകടയിലേക്കും തീ പടര്‍ന്നു പിടിച്ചു. ഓച്ചിറ മേമന സ്വദേശി നാസറിന്റെതാണ് പൂര്‍ണ്ണമായും കത്തി നശിച്ച ചൈനീസ് വില്‍പ്പനശാല. ചെങ്ങന്നൂര്‍ തിട്ടമേല്‍ സ്വദേശി നടുവിലേ പറമ്പില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് പച്ചക്കറികളുമായി കിടന്നിരുന്ന തള്ള് വണ്ടികള്‍. വണ്ടികള്‍ക്കൊപ്പമിരുന്ന 30 ചാക്ക് സവാള, 6 ചാക്ക് കൊച്ചുള്ളി, 5 ചാക്ക് ഉരുളകിഴങ്ങ് എന്നിവയും അഗ്നിക്കിരയായിട്ടുണ്ട്.