ലോട്ടറി എടുത്താല്‍ നറുക്കെടുപ്പ് കഴിയുന്നത് വരെ ഒരു ആധിയാണ്. എങ്ങാനും അടിച്ചാലോ എന്നു കരുതി രാവിലെ തന്നെ പത്രങ്ങള്‍ തേടിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവിടെ ഒരു വ്യത്യസ്തമായ കഥയുണ്ട്. 68 കാരനായ ജിമ്മി സ്മിത്തിനെ ഭാഗ്യം തേടിയെത്തിയിട്ടും അത് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായത് ഒരു വര്‍ഷത്തിന് ശേഷമാണ്. ഒരു വര്‍ഷം മുമ്പെടുത്ത ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടന്നിട്ടും റിസള്‍ട്ട് നോക്കാനൊന്നും ജിമ്മി മെനക്കെട്ടില്ല. 24.1 മില്യണ്‍ ഡോളറായിരുന്നു സമ്മാനത്തുക. അതായത് 155 കോടിയിലധികം രൂപ.

കാലാവധി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ അധികൃതര്‍ നല്‍കിയ പരസ്യത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കക്കൂസിന്റെ മറയില്‍ തൂക്കിയിട്ട പഴയ കുപ്പായത്തിന്റെ പോക്കറ്റില്‍ നിന്നാണ് ടിക്കറ്റ് കണ്ടെത്തിയത്. ഇതോടെ ജിമ്മി കോടീശ്വരനായി. ന്യൂയോര്‍ക്കിലാണ് സംഭവം. 2016 മെയ് 25നാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്. ജിമ്മി വാങ്ങിച്ച ലോട്ടറി നമ്പറിന് (05 - 12 - 13 - 22 - 25 - 35 ) 155 കോടി 21 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. എന്നാല്‍ ഇതൊന്നും ജിമ്മി ശ്രദ്ധിച്ചിരുന്നില്ല. 

കാലാവധി കഴിയാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ 2017 മെയ് 23ന് അധികൃതര്‍ നിരന്തരം പരസ്യം നല്‍കി. നിങ്ങളുടെ ഷര്‍ട്ടിന്റെ പോക്കറ്റുകളും ഗ്ലൗസുകളുമെല്ലാം പരിശോധിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പരസ്യം. തുടര്‍ന്ന് ജിമ്മിയും ടി്ക്കറ്റ് തേടി നടന്നു. ഒടുവില്‍ കക്കൂസിന് പിന്നില്‍ ഒഴിവാക്കിയ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടത്ത് തൂക്കിയിട്ട ഷര്‍ട്ടില്‍ നിന്ന് ടിക്കറ്റ് കണ്ടെത്തി. ഇതോടെയാണ് തന്നെ തേടിയെത്തിയ ഭാഗ്യം അനുഭവിക്കാനുള്ള ഭാഗ്യം കൂടി ജിമ്മിക്ക് വന്ന് ചേര്‍ന്നത്.