റാഞ്ചി: സര്‍ക്കാര്‍ വെബ്സൈറ്റിലുണ്ടായ സുരക്ഷാവീഴ്‌ച കാരണം പത്തുലക്ഷത്തോളം പൗരന്‍മാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തായി. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അധീനതയിലുള്ള ജാര്‍ഖണ്ഡ് ഡയറക്‌ടറേറ്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റിയുടെ വെബ്സൈറ്റിലാണ് പ്രോഗ്രാമിങ് പിഴവ് കാരണം പത്തു ലക്ഷത്തോളം ആളുകളുടെ ആധാര്‍ നമ്പരുകളും വിശദാംശങ്ങളും പുറത്തായത്. ആധാര്‍ നമ്പര്‍, പേര്, മേല്‍ വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് പുറത്തായത്. പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്‍മാരുടെ ആധാര്‍ നമ്പരാണ് പരസ്യമായത്. ഡയറക്‌ടറേറ്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി വെബ്സൈറ്റില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും കാണാവുന്ന തരത്തിലായിരുന്നു ആധാര്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നത്. വിവാദമായതോടെ ഇത് പിന്നീട് പിന്‍വലിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.