കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍റെ ബാല്യകാലം മുതലുള്ള എല്ലാ ചരിത്രവും ഗുണ്ടായിസമാണ്. അപകടകരമായി വിദ്യാര്‍ത്ഥി ജീവിതം ആരംഭിച്ച പിണറായി വിജയനെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്നേ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയച്ചിരുന്നെങ്കില്‍ ഇന്ന് കേരളം രക്ഷപ്പെടുമായിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. 

പിണറായി വിജയന്‍റെ ശരീരഭാഷ ആളുകളെ ഭയപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇത്ര പരാക്രമിയാണെങ്കില്‍ യുവതികളെ ഒളിച്ചും പാത്തും ആംബുലന്‍സില്‍ കയറ്റി അഞ്ചര കോടിയോളം വരുന്ന വിശ്വാസികളെ വെല്ലുവിളിക്കാന്‍ എന്തിനാണ് മുന്നോട്ട് വന്നതെന്നും രാധാകകൃഷ്ണന്‍ ചോദിച്ചു. ഇത് വിശ്വാസികള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്. 

പിണറായി ആദ്യം മതില്‍ കെട്ടും. പിന്നെ ഗിന്നസ്ബുക്കില്‍ പേരുവരുമെന്നും ഓസ്കാര്‍ കിട്ടുമെന്നും പറയും. ഇപ്പോള്‍ ഗിന്നസ് ബുക്കില്‍ പേര് നല്‍കാന്‍ അവിടെ നിന്ന് വന്ന ആളുകള്‍ പിണറായിയെ തെരഞ്ഞ് നടക്കുകയാണ്. വനിതാ മതിലിന് മുഴുവന്‍ വിള്ളലുകളായി. എല്ലാ സ്ഥലങ്ങളിലും മതിലിനെ നിരാകരിച്ചുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു.