നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണെന്നത് കൊണ്ട് ലോകത്തിലുള്ള എല്ലാവരെയും എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന ധാരണ ആദ്യം നിങ്ങള്‍ മാറ്റണം. ഞങ്ങളുടെ കയ്യില്‍ ഒരു കമ്പുണ്ട് അതുകൊണ്ട് ഞങ്ങള്‍ ഇത് വച്ച് അങ്ങ് പൂശിക്കളയും എന്ന രീതിയിലേക്കൊന്നും പെരുമാറരുത്. നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തേണ്ട. അങ്ങനെ ഭീഷണിക്കൊന്നും വഴങ്ങുന്നവരല്ല ഞങ്ങളെന്നും എ.എന്‍.ഷംസീര്‍ എംഎല്‍എ പറഞ്ഞു.  

കോഴിക്കോട്: പി.കെ.ശശി വിഷയത്തില്‍ പ്രതിരോധത്തിലൂന്നി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍ ഷംസീര്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി എം.സ്വരാജ് എംഎല്‍എയും. കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ രണ്ട് ദിവസങ്ങളിലായി പലതവണ പ്രതിനിധികള്‍ പി.കെ.ശശി വിഷയം ചര്‍ച്ചയ്ക്കായി എടുത്തെങ്കിലും പിന്നീടാകാമെന്നായിരുന്നു ഓരോ തവണയും എം.സ്വരാജ് പറഞ്ഞത്. സമ്മേളനത്തിന് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴും നിഷേധാത്മക നിലപാടായിരുന്നു. പലപ്പോഴും ഇരുവരും മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി.

പി.കെ. ശശി എംഎൽഎയ്ക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവ് പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിൽ, ഈ വിഷയം ചർച്ചയ്ക്ക് വരുന്നത് തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു. അതുകൊണ്ട് തന്നെ വനിതാ നേതാവിനെ പിന്തുണയ്ക്കുന്ന പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളോട് വിഷയം ഉന്നയിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയും ഇന്നു കാലത്തും പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചവരോട് പിന്നീടാകാം എന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. പാലക്കാട് ജില്ലാ സമ്മേളനത്തിലും സ്വരാജ് ഈ നിലപാട് സ്വീകരിച്ചിരുന്നു. പി.കെ. ശശി വിഷയം സമ്മേളനത്തിൽ ചർച്ചയാകില്ലേ എന്ന് ചോദിച്ച വനിതാ മാധ്യമ പ്രവർത്തകയോട് പ്രസിഡന്‍റ് എ.എൻ. ഷംസീറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഒരു പ്രതിയേ ചോദ്യം ചെയ്യുന്നത് പോലെ തങ്ങളെ ചോദ്യം ചെയ്യുകയാണെന്നും നിങ്ങളൊക്കെ പൊലീസുകാരും ഞങ്ങളൊല്ലൊം പ്രതികളും എന്ന രീതിയിലാണ് നിങ്ങള്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നത്. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണെന്നത് കൊണ്ട് ലോകത്തിലുള്ള എല്ലാവരെയും എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന ധാരണ ആദ്യം നിങ്ങള്‍ മാറ്റണം. ഞങ്ങളുടെ കയ്യില്‍ ഒരു കമ്പുണ്ട് അതുകൊണ്ട് ഞങ്ങള്‍ ഇത് വച്ച് അങ്ങ് പൂശിക്കളയും എന്ന രീതിയിലേക്കൊന്നും പെരുമാറരുത്. നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തേണ്ട. അങ്ങനെ ഭീഷണിക്കൊന്നും വഴങ്ങുന്നവരല്ല ഞങ്ങളെന്നും എ.എന്‍.ഷംസീര്‍ എംഎല്‍എ പറഞ്ഞു.

വനിതാ നേതാവിന്‍റെ പരാതിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഇങ്ങനെ. പരസ്പര ബഹുമാനത്തോട് കൂടി സംസാരിക്കാനാകാത്ത ഒരു അന്തരീക്ഷം ഇവിടെ ഇല്ല. ആ അന്തരീക്ഷം നിങ്ങള്‍ ഉണ്ടാക്കുകയാണ്. നിങ്ങളുടെ ഏത് ചോദ്യത്തിനും ഞങ്ങളാല്‍ ആവും വിധത്തില്‍ പ്രതികരിക്കാന്‍ തയ്യാറാണ്. സംഘടനയ്ക്കകത്ത് പറയേണ്ട കാര്യങ്ങള്‍ നിങ്ങളോട് പറയണമെന്നില്ല. ബാക്കിയെല്ലാം ഇവിടെ സംസാരിക്കാന്‍ തയ്യാറാണ്. ഇതിനൊക്കെ ഒരു പരസ്പര മര്യാദയുണ്ട്. പരാതി കൊടുത്തത് സിപിഎമ്മിനാണ്. പരാതി സിപിഎം പരിഹരിക്കുമെന്നാണ് വിശ്വാസം. സിപിഎം പ്രതിനിധിക്കേതിരെയാണ് പരാതി. അത് പരിഹരിക്കേണ്ടത് സിപിഎമ്മാണെന്നും എം.സ്വരാജ് എംഎല്‍എ പറഞ്ഞു. 

എന്നാല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. എഎൻ ഷംസീർ എംഎൽഎ, എം.സ്വരാജ് എംഎല്‍എ, ചിന്താ ജെറോം എന്നിവരടക്കമുള്ള നേതൃനിരയ്ക്കുമെതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾക്കെതിരെ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ് ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. 

വിനയവും സൗഹാർദ്ദവും ഇല്ലാത്ത രീതിയിലുള്ള പ്രവർത്തനം അവസാനിപ്പിക്കണം. സംസ്ഥാന നേതൃനിരയിൽ ഉള്ള വരടക്കം ഇക്കാര്യം ശ്രദ്ധിക്കണം. സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയിലാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസിന്റെ വിമർശനം. ഇതിന്‍റെ ചുവടുപിടിച്ചാണ് വിവിധ ജില്ലാ കമ്മിറ്റി പ്രതിനിധികൾ പ്രസിഡന്‍റ് എ.എൻ. ഷംസീറിനും സെക്രട്ടറി എം. സ്വരാജിനുമെതിരെ വിമർശനവുമായി രംഗത്ത് വന്നത്. സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ചില നേതാക്കൾ സംഘടനാ പ്രവർത്തനം മറന്നെന്നും താഴെതട്ടിൽ പ്രവർത്തനം നിർജ്ജീവമായെന്നും വിമർശനം ഉയർന്നു.