ലൈംഗീകാരോപണം നേരിടുന്ന പി.കെ ശശി എം.എൽ.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹര്‍ജി. 


എറണാകുളം: ലൈംഗീകാരോപണം നേരിടുന്ന പി.കെ ശശി എം.എൽ.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹര്‍ജി. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്‍റെ പരിധിയിൽ വരുന്ന പരാതിയിൽ ക്രമിനൽ നടപടി ക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് എഴുവന്തല സ്വദേശി ടി. എസ് കൃഷ്‌ണകുമാറാണ് ഹര്‍ജി നൽകിയിരിക്കുന്നത്.

പാലക്കാട് ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി കെ ശശി എംഎല്‍എ മാനസീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സിപിഎം സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. എ കെ ബാലനും പി കെ ശ്രീമതിയും ചേര്‍ന്ന അന്വേഷ കമ്മീഷന്‍ പരാതി അന്വേഷിച്ചെങ്കിലും നടപടി എടുത്തിരുന്നില്ല.

ഇതേ തുടര്‍ന്ന് യുവതി കേന്ദ്രനേതൃത്വത്തിന് കത്തെഴുതുകയായിരുന്നു. ഇതേ തുടര്‍ന്ന് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായ സംസ്ഥാന നേതൃത്വം പി കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.