ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയവാണ് ചോരയില്‍ കുളിച്ചുകിടന്ന ശവരിമുത്തുവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. 

മൂന്നാര്‍: വിവാഹ ചടങ്ങിനിടെ തോട്ടം തൊഴിലാളിക്ക് കുത്തേറ്റു. ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷില്‍ താമസം മൈക്കിള്‍ മകന്‍ ശവരിമുത്തു (40)വിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അതേ എസ്റ്റേറ്റിലെ അഗസ്റ്റിന്‍ (48) നെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. ജ്ഞാനദാസിന്‍റെ മകന്‍റെ വിവാഹ ചടങ്ങനിടെയാണ് ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

തിങ്കളാഴ്ച ഉച്ചയോടെ പഴയ മൂന്നാര്‍ വര്‍ഷോപ്പ് ഗ്ലെമ്പില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനെ അഗസ്റ്റിനും ശവരിമുത്തുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കം മൂര്‍ച്ചിച്ചതോടെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഗസ്റ്റിന്‍ ശവരിമുത്തുവിനെ തലങ്ങും വിലങ്ങും വെട്ടി ഭീകരന്തരീക്ഷം സ്യഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയവാണ് ചോരയില്‍ കുളിച്ചുകിടന്ന ശവരിമുത്തുവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. 

തലയ്ക്കും കഴുത്തിനും കൈയ്യിലുമായി അഞ്ചോളം കുത്തുകളാണ് ശവരിമുത്തുവിന്‍റെ ദേഹത്തുണ്ടായിരുന്നത്. പെമ്പിളൈ ഒരുമയുടെ സമരവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. ആറുമാസം മുമ്പ് ശവരമുത്തുവുമായി നടന്ന അടിപിടിയില്‍ അഗസ്റ്റിന്‍റെ കൈ ഒടിയുകയും ദേവികുളം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇവർ തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.