''എനിക്ക് വന്ന അനേകം കത്തുകളിൽ എന്നെ വളരെയധികം വേദനിപ്പിച്ച ഒരു കത്തുണ്ടായിരുന്നു. 'നിന്റെ അമ്മ കുമ്പസാരിക്കാൻ പോയിട്ടാണോ നീയുണ്ടായത്?' എന്നായിരുന്നു അതിലെ ചോദ്യം. എഴുപത്തിമൂന്ന് വയസ്സായ അമ്മൂമ്മയായ എന്നോട് എന്റെ മൺമറഞ്ഞുപോയ എന്‍റെ അമ്മയെക്കുറിച്ച് പറയാൻ യാതൊരു മടിയുമില്ല. അത്തരം ഭാഷ സ്വയം ഉപയോ​ഗിക്കുന്നതിൽ അവർക്ക് പ്രശ്നമില്ല. ഹരീഷിന്റെ പുസ്തകത്തിലെ ഭാഷയെക്കുറിച്ചാണ് പ്രശ്നം.'' 

തിരുവനന്തപുരം: സംഘ്പരിവാർ മനോഭാവമുള്ള ഒരാൾക്ക് ഒരിക്കലും ഒരു നല്ല സാഹിത്യകൃതി എഴുതാൻ കഴിയില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സാറാ ജോസഫ്. എന്നാൽ മാധവിക്കുട്ടിക്ക് വരേണ്യതയേ ഉള്ളൂ. സംഘപരിവാർ ചിന്തകളില്ലെന്നും സാറാ ജോസഫ് കൂട്ടിച്ചേർക്കുന്നു. ഡബ്ലിയുസിസി പോലുള്ള സംഘടനകളുടെ ഉദയത്തിന് അടിത്തറയായി പ്രവർത്തിച്ചത് 'മാനുഷി' ആയിരുന്നു. ഇന്ന് തുല്യ നീതിയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി സധൈര്യം നിലകൊള്ളാൻ സാധിക്കുന്ന രാഷ്ട്രീയത്തിന്റെ ചവിട്ടുപടി കെട്ടിപ്പൊക്കിയതിൽ മാനുഷിക്ക് വളരെ വലിയൊരു പങ്കുണ്ട്. മാനുഷിയാണ് അതിന് തുടക്കം കുറിച്ചതെന്ന് സാറാ ജോസഫ് പറയുന്നു. 

''സ്ത്രീകൾക്കിടിയിൽ സ്വത്വബോധം ഉടലെടുക്കാനും ചർച്ചകളുണ്ടാകാനും ഇത് കാരണമായിത്തീർന്നു. സ്വന്തം പ്രശ്നങ്ങൾ സ്ത്രീ വിമോചന ആശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാൻ തുടങ്ങി. വായിക്കാനും കേൾക്കാനും അറിയാനും തുടങ്ങി. അത്തരം സിനിമകൾ ഉണ്ടായി. അങ്ങനെ എല്ലാക്കാര്യങ്ങളിലും സ്ത്രീയുടെ പക്ഷത്ത് നിന്ന് കൊണ്ട് നോക്കുക എന്ന അവസ്ഥയിലേക്ക് സമൂഹം നയിക്കപ്പെട്ടു. അതുകൊണ്ട് തന്നെ മാനുഷിയെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ സംതൃപ്തയാണ്.'' സാറാ ജോസഫിന്റെ വാക്കുകൾ

എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെ അനുകൂലിച്ചതിന്റെ പേരിലും സാറാ ജോസഫ് നിരവധി വിമർശനങ്ങൾ‌ നേരിട്ടിരുന്നു. ''എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെക്കുറിച്ച് ഞാൻ‌ ഒരു പോസ്റ്റിട്ടപ്പോൾ എനിക്ക് വന്ന അനേകം കത്തുകളിൽ എന്നെ വളരെയധികം വേദനിപ്പിച്ച ഒരു കത്തുണ്ടായിരുന്നു. 'നിന്റെ അമ്മ കുമ്പസാരിക്കാൻ പോയിട്ടാണോ നീയുണ്ടായത്?' എന്നായിരുന്നു അതിലെ ചോദ്യം. എഴുപത്തിമൂന്ന് വയസ്സായ അമ്മൂമ്മയായ എന്നോട് എന്റെ മൺമറഞ്ഞുപോയ അമ്മയെക്കുറിച്ച് പറയാൻ യാതൊരു മടിയുമില്ല. അത്തരം അമ്പത്തിയേഴ് മെസ്സേജുകളാണ് എനിക്ക് വന്നത്. അത്തരം ഭാഷ സ്വയം ഉപയോ​ഗിക്കുന്നതിൽ അവർക്ക് പ്രശ്നമില്ല. ഹരീഷിന്റെ പുസ്തകത്തിലെ ഭാഷയെക്കുറിച്ചാണ് പ്രശ്നം.'' സോഷ്യൽ മീഡിയയിൽ സ്ത്രീകൾ കൂടുതലായി ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് താൻ നേരിട്ട സൈബർ ആക്രമണങ്ങൾ എന്ന് സാറാ ജോസഫ് പറയുന്നു. 

''അതുപോലെ എസ്ഡിപിഐ പോലെയുള്ള ന്യൂനപക്ഷ വർ​ഗീയ സംഘടനകളെ എതിർക്കുകയും ചെയ്യണം. അവർ ആക്ഷേപിക്കപ്പെടണം. നമ്മുടെ മൊത്തം ശ്രദ്ധ ഭൂരിപക്ഷ വർ​ഗീയതയെ എതിർക്കുക എന്നതായിരുന്നു. ന്യൂനപക്ഷം ഇരകളാക്കപ്പെടുന്നു എന്ന് ചിന്തിക്കുന്നതിന്റെ ഭാ​ഗമായിരുന്നു അത്. എന്നാൽ അത് മുതലെടുത്തു കൊണ്ട് ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കിടയിൽ ഒരു തീവ്രവാദം ഉടലെടുത്തിരുന്നു. അത്തരത്തിലുള്ള ന്യൂനപക്ഷ വർ​ഗീയത എതിർക്കപ്പെടേണ്ടതാണ്. വിമർശിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം.'' മലയാളത്തിലെ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു സാറാ ജോസഫിന്റെ ഈ വാക്കുകൾ.