ബലാത്സംഗത്തിനിരയായി പ്രസവിച്ച കുഞ്ഞിനെ കൈവിട്ടു പെണ്‍കുട്ടിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍
ഗുരുഗ്രാം: അന്ന് അവള്ക്ക് 14 വയസ്സായിരുന്നു. അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞിരുന്ന 14 വര്ഷങ്ങള്. പഠിച്ച് ഉയരങ്ങളിലെത്താന് ആഗ്രഹിച്ച കൗമാര കാലം. എന്നാല് എല്ലാം മാറിയത് ഒറ്റ ദിവസം കൊണ്ടാണ്. അയാളെ അവള് ഭയ്യാ എന്നാണ് വിളിച്ചിരുന്നത്. ഏറ്റവും പ്രിയപ്പെട്ട, സഹോദരന് തുല്യനായി കണ്ട അയാള് അവളുടെ ജീവിതത്തില് നല്കിയത് കടുത്ത ഓര്മ്മകളും ഒരിക്കലും സ്വന്തമാക്കാന് കഴിയാത്ത കുഞ്ഞിനെയും.
അയല്വാസിയാല് ബലാത്സംഗത്തിനിരയായ അന്നത്തെ 14 കാരി ഇന്ന് ഒരു എന്ജിഒയില് ജോലി ചെയ്യുകയാണ്. തന്റെ ജീവിതം മാറ്റി മറിച്ച കറുത്ത ദിനങ്ങളെ കുറിച്ച് രണ്ട് വര്ഷത്തിനിപ്പുറം ഉത്തര്പ്രദേശിലെ ഗുരുഗ്രാം സ്വദേശിയായ പെണ്കുട്ടി തുറന്ന് പറഞ്ഞു. അയല്വാസിയായ ചേട്ടനെ അവള്ക്ക് വലിയ ഇഷ്ടമായിരുന്നു. അയാളെ ശ്രദ്ധിക്കണമെന്ന് അമ്മ പലവട്ടം ഉപദേശിച്ചപ്പോഴും അമ്മയുടെ വൈകാരിക പ്രകടനമായി മാത്രമേ അതിനെ കണ്ടിരുന്നുള്ളൂ. എന്നാല് ഇന്ന് അമ്മ പറഞ്ഞത് കേള്ക്കാമായിരുന്നുവെന്നാണ് തന്റെ ചിന്ത; അവള് പറഞ്ഞു.
2015 ഒക്ടോബറില് അച്ഛനും അമ്മയും സഹോദരിമാരും ഉത്തര്പ്രദേശില് വിവാഹ ചടങ്ങുകള്ക്കായി പോയതായിരുന്നു. സ്കൂള് ഉള്ളതിനാല് താന് കല്യാണത്തിന് പോയില്ല. വീട്ടിന്റെ വാതിലില് മുട്ടിയ ശബ്ദം കേട്ട് ചെന്നപ്പോള് അയാളായിരുന്നു. തനിക്ക് ഒരു കപ്പ് ചായ വേണമെന്ന് അയാള് ആവശ്യപ്പെട്ടു. താന് അടുക്കളയിലേക്ക് പോയ സമയം അയാള് വാതില് അടച്ചു. തന്റെ കയ്യില് കയറിപ്പിടിച്ച അയാള് വിവാഹം ചെയ്യാന് ആഗ്രഹമുണ്ടെന്നും ഇനി കാത്ത് നില്ക്കാനാകില്ലെന്നും പറഞ്ഞു. എന്നാല് ഒരു സഹോദരനായി മാത്രമേ അയാളെ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞതോടെ അയാള് ആക്രമിക്കുകയായിരുന്നു.
തന്നെ ബലാത്സംഗം ചെയ്യുകയും പുറത്ത് പറഞ്ഞാല് പീഡിപ്പിച്ചതിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു അയാള്. തന്നെ നിരവധി തവണ അയാള് അടിച്ചതായും പെണ്കുട്ടി ഓര്ക്കുന്നു. അതോടെ ജീവിതത്തില് എല്ലാം മാറി. സ്കൂളില് പോകാനും പഠിക്കാനും ആഗ്രഹിച്ചിരുന്നവള് പഠിക്കാതെയായി. വീട്ടില് തിരിച്ചെത്തിയ രക്ഷിതാക്കളോട് ഒന്നും പറഞ്ഞില്ല. പേടിയായിരുന്നു. എന്നാല് കുറച്ച് ദിവസത്തോടെ താന് ആകെ മാറി. സ്കൂളില് പോകാതെയായി. പിന്നീട് രാത്രി അതികലശലായ വയറുവേദനയെ തുടര്ന്ന് തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. താന് എട്ട് മാസം ഗര്ഭിണിയാണെന്ന്. ഈ വിവരം ആശുപത്രി അധികൃതര് അറിയിച്ചതോടെ അച്ഛന് ഒരുപാട് തല്ലി, തന്നെ ശപിച്ചു. വീട്ടില്നിന്ന് മാറി നില്ക്കാനും സഹോദരിമാരെ കാണാതിരിക്കാനും ആവശ്യപ്പെട്ടു. അവരുടെ ഭാവിയെ കുറിച്ച് ആശങ്കയായിരുന്നു അദ്ദേഹത്തിന്; അവള് പറഞ്ഞു.
സംഭവം ലോകമറിഞ്ഞതോടെ അയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പത്ത് വര്ഷം തടവും 20000 രൂപ പിഴയും അയാള്ക്ക് വിധിച്ചു. ആശുപത്രി വിട്ടതോടെ ആത്മഹത്യ ചെയ്യാനാണ് തോന്നിയത്. എന്നാല് തന്റെ വയറ്റില് വളരുന്ന കുഞ്ഞിനെ ഓര്ത്ത് അത് ചെയ്തില്ല. കുഞ്ഞ് ജനിച്ച് 5 ദിവസം മാത്രമാണ് സന്തോഷത്തോടെ ജീവിച്ചത്. അതി കഴിഞ്ഞ് സര്ക്കാര് കുഞ്ഞിനെ തന്റെ അടുത്തുനിന്ന് കൊണ്ടുപോയി. അയാള് തന്നോട് ചെയ്തതിന് ഒരുതെറ്റും ചെയ്യാത്ത കുഞ്ഞിനെ എന്തിന് അമ്മയില്നിന്ന് അകറ്റണം എന്നാണ് അവള് ചോദിക്കുന്നത്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി ആയതിനാല് ആ കുഞ്ഞിനെ അവള്ക്ക് നല്കിയില്ല. പിന്നീട് ആ കുട്ടിയെ മറ്റൊരു ദമ്പതികള് ദത്തെടുത്തു. ഇപ്പോള് ഒരു എന്ജിഒയില് ജോലി ചെയ്യുകയാണ് അവള്. പിന്നീട് പഠിച്ചില്ല, ജീവിതം പഴയതുപോലെ ആയതുമില്ല.
