സംഘർഷങ്ങളുടെ മണ്ഡലകാലമാണ് കഴിഞ്ഞുപോയത്. ഒരു പക്ഷേ, ശബരിമല എന്ന ഒരു ക്ഷേത്രത്തിനെ ചുറ്റിപ്പറ്റി ഇത്രയധികം വിവാദങ്ങളുണ്ടാകുമെന്ന് ഒരു ശരാശരി മലയാളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസമോ, നിയമമോ എന്നതിന്റെ ഉരകല്ലായി മലയാളിയുടെ മുന്നിൽ നിൽക്കുകയാണ് ശബരിമല സ്ത്രീപ്രവേശനവിധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും. സെപ്റ്റംബർ 28-ന് വന്ന ശബരിമല സ്ത്രീപ്രവേശനവിധിയ്ക്ക് ശേഷം സംഭവിച്ചതെന്തെല്ലാം? ഒരു തിരിഞ്ഞുനോട്ടം:

ശബരിമല യുവതീപ്രവേശവിധിയും തുടർന്നുണ്ടായ നാടകീയസംഭവങ്ങളും, ഒരു നാൾ വഴി:

2006 ജൂലൈ: ഇന്ത്യ യങ് ലോയേഴ്സ് അസോസിയേഷനാണ് ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ആദ്യം സുപ്രീംകോടതിയെ സമീപിക്കുന്നത്. കന്നഡ നടി ജയമാല കയറിയതിലുള്ള വിവാദങ്ങളായിരുന്നു ഹർജിക്ക് പിന്നിൽ.

2017 ഒക്ടോബർ 13 - ശബരിമല യുവതീപ്രവേശനക്കേസ് ഭരണഘടനാബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.

2018 സെപ്തംബർ 28 - ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ സുപ്രധാനവിധി. അയ്യപ്പഭക്തരെ പ്രത്യേകമതവിഭാഗമായി കണക്കാക്കാനാകില്ലെന്നും വിലക്ക് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും സുപ്രീംകോടതി ബഞ്ചിൽ ഭൂരിപക്ഷവിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ എം ഖാൻവീൽക്കർ, ഡി വൈ ചന്ദ്രചൂഢ് എന്നിവർ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോൾ, ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര യുവതീപ്രവേശനം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതി. അന്ന് വൈകിട്ട് തന്നെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാമജപപ്രതിഷേധയാത്ര.

2018 സെപ്തംബർ 29 - വിധിക്കെതിരെ ആദ്യം ഹർത്താൽ പ്രഖ്യാപിച്ച ശിവസേന പിന്നെ അത് പിൻവലിച്ചു. പ്രളയദുരിതാശ്വാസത്തെ ബാധിക്കാതിരിക്കാനെന്ന് വിശദീകരണം. സമരപരിപാടികൾ നടത്താനും തീരുമാനം.

2018 സെപ്തംബർ 30 - യുവതീപ്രവേശനത്തിന് വേണ്ട സൌകര്യങ്ങളൊരുക്കാൻ ദേവസ്വംബോർഡിന് മുഖ്യമന്ത്രിയുടെ നിർദേശം. ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം.

2018 ഒക്ടോബർ 1 - കോടതിവിധിക്കെതിരെ പന്തളം കൊട്ടാരം. രാഷ്ട്രപതിയെ സമീപിക്കാനും നിയമനടപടികൾ തുടരാനും തീരുമാനം. 

2018 ഒക്ടോബർ 2 - തുലാമാസപൂജക്ക് നട തുറക്കുമ്പോൾ സ്ത്രീപ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

2018 ഒക്ടോബർ 6 - ചങ്ങനാശ്ശേരിയിൽ എൻഎസ്എസ് ഉൾപ്പടെ 17 ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ നാമജപഘോഷയാത്ര. താഴമൺ കുടുംബത്തിലെ തന്ത്രിമാരും പ്രതിഷേധത്തിൽ.

2018 ഒക്ടോബർ 8 - എൻഎസ്എസ് യുവതീപ്രവേശനവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകി. ദേശീയ അയ്യപ്പഭക്തജനക്കൂട്ടായ്മയും റിവ്യൂ ഹർജിയുമായെത്തി. പ്രത്യക്ഷസമരം വേണ്ടെന്ന് കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി തീരുമാനം.

2018 ഒക്ടോബർ 9 - റിവ്യൂഹർജികളിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പന്തളം കൊട്ടാരം ഉൾപ്പടെ മൂന്ന് പുനഃപരിശോധനാഹർജികൾ കൂടി ഫയൽ ചെയ്തു.

2018 ഒക്ടോബർ 12 - യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയെയാണ് താൻ അനുകൂലിക്കുന്നതെന്നും കെ കെ വേണുഗോപാൽ.

2018 ഒക്ടോബർ 13 - ശബരിമലയിൽ തൊഴാനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.

2018 ഒക്ടോബർ 15 - നിലയ്ക്കലിൽ സ്ത്രീകളടങ്ങിയ സംഘങ്ങൾ ഓരോ വാഹനങ്ങളും തടഞ്ഞുനിർത്തി യുവതികളുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങി. 

2018 ഒക്ടോബർ 16 - ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെ നിലയ്ക്കലിൽ തടഞ്ഞു. വിവിധ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), പഞ്ചവർണം (40) എന്നിവരെയാണ് തടഞ്ഞത്. നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് ബസ് കയറാൻ തുടങ്ങുമ്പോഴാണ് തടഞ്ഞത്. തുടർന്ന് നിലയ്ക്കലിൽ സംഘർഷം. അന്ന് തന്നെ പ്രശ്നപരിഹാരം തേടി തിരുവിതാംകൂർ ദേവസ്വംബോർഡ് പന്തളം കുടുംബവുമായും തന്ത്രി കുടുംബവുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. ഇരുകുടുംബങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

2018 ഒക്ടോബർ 17 - പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമിടെ തുലാമാസപൂജയ്ക്ക് ശബരിമല നട തുറന്നു. നിലയ്ക്കലിൽ സംഘർഷം. പൊലീസ് നടപടി. വാഹനങ്ങൾ ആക്രമിച്ച സമരക്കാർക്കെതിരെ പൊലീസ് ലാത്തി വീശി. ഏഷ്യാനെറ്റ് ന്യൂസിന്‍റേതടക്കമുള്ള വാഹനങ്ങൾ സമരക്കാർ തല്ലിത്തകർത്തു. മല ചവിട്ടിത്തുടങ്ങിയ ആദ്യയുവതിയായി ആന്ധ്രയിലെ ഗോദാവരി ജില്ലക്കാരി മാധവി. പൊലീസ് സുരക്ഷയില്ലാതിരുന്ന മാധവിയെ സമരക്കാർ തടഞ്ഞു. ഭയന്നുപോയ ഇവർ മടങ്ങി. 

2018 ഒക്ടോബർ 18 - ശബരിമല വിധി മറികടക്കാൻ സംസ്ഥാനസർക്കാർ നിയമനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് ശബരിമല സംരക്ഷണസമിതി ഹർത്താൽ. സന്നിധാനം, നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ. ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് സഹപ്രവർത്തകനൊപ്പം മല കയറാനെത്തി. മരക്കൂട്ടത്തെത്തിയപ്പോഴേക്ക് കടുത്ത പ്രതിഷേധം. അസഭ്യവർഷം. സുഹാസിനിരാജ് മടങ്ങി. 

2018 ഒക്ടോബർ 19 - ശബരിമല യുവതീപ്രവേശനത്തെച്ചൊല്ലി ഏറ്റവുമധികം വിവാദമുയർന്ന ദിവസം. മാധ്യമപ്രവർത്തയായ കവിത ജക്കാല, ബിഎസ്എൻഎല്ലിലെ എഞ്ചിനീയറും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമ എന്നിവർ പൊലീസ് അകമ്പടിയിൽ മല കയറി. സന്നിധാനത്തിന് തൊട്ടുതാഴെ വച്ച് ഐജി ശ്രീജിത്തടക്കമുള്ളവർക്ക് മടങ്ങേണ്ടി വന്നു. ചരിത്രത്തിലാദ്യമായി തന്ത്രിയും മറ്റ് ശാന്തിക്കാരും പതിനെട്ടാംപടിയ്ക്ക് കീഴെ പ്രതിഷേധവുമായി ഇരുന്നു. ആക്റ്റിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിക്ക് പമ്പയിൽ നിന്ന് തന്നെ മടങ്ങേണ്ടി വന്നു.

2018 ഒക്ടോബർ 20 - ശബരിമലയിൽ പോകണമെന്നാവശ്യപ്പെട്ട് എത്തിയ ദളിത് ഫെഡറേഷൻ നേതാവ് എസ് പി മഞ്ജുവിന് പൊലീസ് പിന്തിരിപ്പിച്ചതിനെത്തുടർന്ന് മടങ്ങേണ്ടി വന്നു.

2018 ഒക്ടോബർ 21 - യുവതികൾ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തം. കോട്ടയം റയിൽവേസ്റ്റേഷനിൽ സംഘർഷാവസ്ഥ.

2018 ഒക്ടോബർ 22 - ദേവസ്വംബോർഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. സുപ്രീംകോടതിയിൽ സ്ഥിതിവിവരറിപ്പോർട്ട് നൽകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. പ്രത്യക്ഷസമരത്തിനിറങ്ങാൻ കോൺഗ്രസ് തീരുമാനം. കോഴിക്കോട്ട് അധ്യാപികയായി ജോലി ചെയ്യുന്ന ബിന്ദു തങ്കം കല്യാണി ശബരിമല ദർശനത്തിനെത്തി. എരുമേലിയിൽ പ്രതിഷേധം തുടങ്ങിയപ്പോൾ പൊലീസ് ഇവരെ മുണ്ടക്കയത്തേക്കും പിന്നീട് കണമലയിലേക്കും മാറ്റി. കണമലയിൽ നിന്ന് ബസ് കയറ്റിവിട്ടെങ്കിലും നാല് പേർ ബൈക്കിലെത്തി ഇവരെ തടഞ്ഞു.

2018 ഒക്ടോബർ 23 -  ശബരിമല ഹർജികളിൽ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.

2018 ഒക്ടോബർ 25 - നിലയ്ക്കൽ സംഘർഷങ്ങളിൽ സംസ്ഥാനവ്യാപകമായി കൂട്ട അറസ്റ്റ്. 440 കേസുകളിലായി 1400 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ.

2018 ഒക്ടോബർ 26 - യുവതീപ്രവേശമുണ്ടായാൽ കൈ മുറിച്ച് രക്തം വീഴ്ത്തി നട അടപ്പിക്കാൻ പ്ലാൻ ബി - ഉണ്ടായിരുന്നെന്ന് രാഹുൽ ഈശ്വർ. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

2018 ഒക്ടോബർ 30 - ശബരിമലയിൽ സർക്കാർ തീരുമാനങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിർച്വൽ ക്യൂ സിസ്റ്റം പ്രവർത്തനം തുടങ്ങി.

2018 ഒക്ടോബർ 31 - ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ഒരു മന്ത്രിമാരും വന്നില്ല, പകരം ഉദ്യോഗസ്ഥരെത്തി.

2018 നവംബർ 1 - ശബരിമല സമരം 'പ്ലാൻഡ്' ആണെന്നും ഇത് സുവർണാവസരമാണെന്നും യുവമോർച്ചാസമ്മേളനത്തിൽ ശ്രീധരൻപിള്ള പ്രസംഗിച്ച ദൃശ്യങ്ങൾ പുറത്ത്. വിവാദം.

ചിത്തിര ആട്ട വിശേഷം

2018 നവംബർ 5 - ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ ശബരിമല കർമസമിതിയുടെ അഖണ്ഡനാമജപയജ്ഞം.

2018 നവംബർ 6 - പേരക്കുട്ടിയുടെ ചോറൂണിനെത്തിയ 52-കാരിക്കെതിരെ അതിക്രമം. ലളിതയെ അടിച്ചുകൊല്ലെടാ എന്ന് ആക്രോശിക്കുന്ന വീഡിയോയും അവരുടെ തലയ്ക്ക് തേങ്ങ എറിയാൻ ശ്രമിക്കുന്നയാളുടെ ചിത്രവും വിവാദമായി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും ആക്രമിച്ചു.

2018 നവംബർ 6 - ചിത്തിര ആട്ടവിശേഷത്തിന് രണ്ട് ദിവസത്തേക്ക് തുറന്ന നട അടച്ചു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി മെഗാഫോൺ ഉപയോഗിച്ച് പടിനെട്ടാം പടിയ്ക്ക് പുറം തിരിഞ്ഞ് നിന്നതിൽ വിവാദം. ദേവസ്വംബോർഡംഗം കെ പി ശങ്കരദാസും പതിനെട്ടാം പടി വഴി ഇരുമുടിക്കെട്ടില്ലാതെ കയറിയതിലും വിവാദം.

2018 നവംബർ 8 - ബിജെപിയുടെ ശബരിമല സംരക്ഷണരഥയാത്രയ്ക്ക് കാസർകോട്ട് തുടക്കം. വിവാദപ്രസംഗത്തിൽ ശ്രീധരൻപിള്ളയ്ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

2018 നവംബർ 12 - ശബരിമല കർമസമിതി അയ്യപ്പജ്യോതി നടത്തുമെന്ന് പ്രഖ്യാപിച്ചു. റിവ്യൂ ഹർജികൾ പരിഗണിക്കുമ്പോൾ ദേവസ്വംബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് അര്യാമസുന്ദരം.

2018 നവംബർ 13 - യുവതീപ്രവേശനവിധിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. തുറന്ന കോടതിയിൽ ജനുവരി 22 - ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ബിജെപിയുടെ രഥയാത്ര അവസാനിച്ചു.

മണ്ഡല-മകരവിളക്ക് കാലത്തിന് തുടക്കം

2018 നവംബർ 16 - നട തുറന്നു. ശബരിമലയിൽ കടുത്ത പൊലീസ് നിയന്ത്രണങ്ങൾ. പുലർച്ചെ ശബരിമലയിലേക്ക് പോകാൻ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയിലെത്തി. ഒപ്പം ആറ് സ്ത്രീകളുമുണ്ടായിരുന്നു. വിമാനത്താവളത്തിൽ സിആർപിഎഫ് സുരക്ഷാ ഏരിയയിലും നാമജപപ്രതിഷേധം. വൻപ്രതിഷേധം. 17 മണിക്കൂർ കാത്തിരുന്ന് രാത്രി എട്ടരയോടെ അവർ മടങ്ങി. പത്ത് മണിയോടെ പമ്പയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. അർധരാത്രി ശബരിമല കർമസമിതി ഹർത്താൽ പ്രഖ്യാപിച്ചു.

2018 നവംബർ 17 - ശബരിമല കർമസമിതി ഹർത്താൽ. നിയന്ത്രണം ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച കെ സുരേന്ദ്രൻ അടക്കമുള്ളവർ അറസ്റ്റിൽ.

2018 നവംബർ 18 - തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിടാൻ ശ്രമിച്ചെന്ന് സുരേന്ദ്രൻ. സുരേന്ദ്രൻ ഇരുമുടിക്കെട്ട് നിലത്തിട്ടതോ, അതോ പൊലീസ് വീഴ്ത്തിയതോ? വിവാദം.

2018 നവംബർ 19 - കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ശബരിമലയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ശബരിമലയിലേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ എസ് പി യതീഷ് ചന്ദ്ര തടഞ്ഞു. നിബന്ധനകൾ പാലിച്ച് പോകണമെന്ന് എഴുതിവാങ്ങി.

2018 നവംബർ 20 - നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് സംഘം. രാവിലെ 11 മണിക്ക് സമരം തുടങ്ങി. അറസ്റ്റ് ചെയ്യുന്നില്ലെന്ന് പൊലീസ്. ഒടുവിൽ സമരം അവസാനിപ്പിച്ചു. 

2018 നവംബർ 21 - കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മിൽ വാഗ്വാദം. വാഹനങ്ങൾ കടത്തി വിടുന്നതിനെച്ചൊല്ലി വിവാദം. 

2018 നവംബർ 22 - ചിത്തിര ആട്ടവിശേഷത്തിന് ഭക്തയെ ആക്രമിച്ചതിന് കെ സുരേന്ദ്രനും വത്സൻ തില്ലങ്കേരിക്കുമെതിരെ വധശ്രമത്തിന് കേസ്. 

2018 നവംബർ 23 - കെ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

2018 നവംബർ 24 - വീണ്ടും സന്നിധാനത്ത് കൂട്ട അറസ്റ്റ്. അർധരാത്രി സന്നിധാനത്ത് നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്തു. 74 പേർ അറസ്റ്റിൽ. സംസ്ഥാനത്തെമ്പാടും പാതിരാപ്രതിഷേധങ്ങൾ.

2018 നവംബർ 27 - നാമജപത്തിന് തടസ്സമുണ്ടാക്കരുതെന്നും, എന്നാൽ സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും നിലനിൽക്കുമെന്നും ഹൈക്കോടതി. ശബരിമലയിലെ സ്ഥിതി നിരീക്ഷിക്കാൻ നിരീക്ഷകസമിതിയെ നിയോഗിച്ചു.

2018 നവംബർ 28 - ശബരിമല വിഷയം നിയമസഭയിൽ. ബഹളം. സമ്മേളനത്തിന്റെ ആദ്യദിനം അലങ്കോലം.

2018 നവംബർ 28 - ശബരിമലയിലെ പ്രക്ഷോഭം ബിജെപി അവസാനിപ്പിച്ചു. സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക്. എ എൻ രാധാകൃഷ്ണൻ നിരാഹാരസമരം തുടങ്ങി.

2018 നവംബർ 30 - കെ സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളി.

2018 ഡിസംബർ 1 - മുഖ്യമന്ത്രി വിളിച്ച നവോത്ഥാന, സമുദായസംഘടനകളുടെ യോഗം. ജനുവരി ഒന്നിന് വനിതാമതിൽ എന്ന പ്രതിരോധപരിപാടി നടത്താൻ തീരുമാനം. എസ്എൻഡിപി യോഗത്തിനെത്തി. വെള്ളാപ്പള്ളി നടേശനും പുന്നല ശ്രീകുമാറും പരിപാടിയുടെ കൺവീനർമാർ. അന്ന് തന്നെ ആന്ധ്രയിൽ നിന്നെത്തിയ രണ്ട് യുവതികളെ തടഞ്ഞ് തിരിച്ചയച്ചു.

2018 ഡിസംബർ 2 - നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പോകാൻ ശ്രമിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനടക്കമുള്ളവർ അറസ്റ്റിൽ. ഹൈക്കോടതി നിരീക്ഷണസമിതി ശബരിമല സന്ദർശിച്ചു. സൌകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തി സമിതി. കോൺഗ്രസ് നേതാക്കൾ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം. ബിജെപി സമരം സെക്രട്ടേറിയറ്റിന് മുന്നിലും.

2018 ഡിസംബർ 8 - കെ സുരേന്ദ്രൻ ജയിൽ മോചിതനായി. 

2018 ഡിസംബർ 10 - ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

2018 ഡിസംബർ 13 - അർധരാത്രി സെക്രട്ടേറിയറ്റിന് മുന്നിൽ തീ കൊളുത്തിയ മുട്ടട സ്വദേശി വേണുഗോപാലൻ നായർ പിന്നീട് ആശുപത്രിയിൽ മരിച്ചു. അദ്ദേഹം അയ്യപ്പഭക്തനെന്ന് ബിജെപി. 

2018 ഡിസംബർ 14 - വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിജെപി ഹർത്താൽ.

2018 ഡിസംബർ 16 - ദർശനം നടത്താനെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. 

2018 ഡിസംബർ 17 - രാഹുൽ ഈശ്വർ അറസ്റ്റിൽ. അറസ്റ്റ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന്. 

2018 ഡിസംബർ 18 - ട്രാൻസ്ജെൻഡേഴ്സ് ശബരിമല ദർശനം നടത്തി.

2018 ഡിസംബർ 19 - നിരാഹാരസമരം നടത്തി വന്നിരുന്ന ബിജെപി നേതാവ് സി കെ പദ്മനാഭനെ ആരോഗ്യനില വഷളായതിനെത്തുടന്ന് പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. യതീഷ് ചന്ദ്രയ്ക്കെതിരെ പാർലമെന്റിൽ പൊൻ രാധാകൃഷ്ണന്‍റെ അവകാശലംഘനനോട്ടീസ്.

2018 ഡിസംബർ 22 - തമിഴ്നാട്ടിൽ നിന്നുള്ള എൻജിഒ മനിതിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ.

2018 ഡിസംബർ 23 - പ്രതിഷേധത്തെത്തുടർന്ന് മനിതി സംഘം പിന്തിരിഞ്ഞോടി. വയനാട്ടിൽ നിന്നുള്ള ആദിവാസി നേതാവ് അമ്മിണി യാത്ര മതിയാക്കി മടങ്ങി.

2018 ഡിസംബർ 24 - വീണ്ടും ശബരിമല സംഘർഷഭരിതം. ബിന്ദു, കനകദുർഗ എന്നിവർ ചന്ദ്രാനന്ദൻ റോഡ് വരെ എത്തി. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ താഴെ ഇറക്കി.

2018 ഡിസംബർ 26 - ആചാരസംരക്ഷണത്തിന് ശബരിമലകർമസമിതിയുടെ അയ്യപ്പജ്യോതി.

2018 ഡിസംബർ 27 - മണ്ഡലകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു.

2018 ഡിസംബർ 28 - സി കെ പദ്മനാഭന് ശേഷം നിരാഹാരസമരം തുടങ്ങിയ ശോഭാ സുരേന്ദ്രന്റെയും ആരോഗ്യനില വഷളായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ശിവരാജൻ സമരം തുടങ്ങി.

2019 ജനുവരി 1 - നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാനസർക്കാരിന്റെ ആഭിമുഖ്യത്തിൽ വനിതാമതിൽ. 

2019 ജനുവരി 2 - പുലർച്ചെ ബിന്ദുവും കനകദുർഗയും പൊലീസ് സംരക്ഷണയിൽ മല കയറി. പുലർച്ചെ ഒന്നരയ്ക്ക് മല കയറിത്തുടങ്ങി. മൂന്നേമുക്കാലിന് ദർശനം നടത്തി. അഞ്ച് മണിയോടെ മടങ്ങിയെത്തി.

2019 ജനുവരി 2 - ശബരിമല കർമസമിതിയുടെ പ്രതിഷേധങ്ങൾ. സംസ്ഥാനം യുദ്ധക്കളം. വ്യാപക അക്രമവും തെരുവുയുദ്ധവും. പൊതുജനങ്ങൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും അക്രമം. പന്തളത്ത് രാത്രിയോടെ കല്ലേറ്. പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. ശബരിമലയിൽ തന്ത്രി ശുദ്ധിക്രിയ നടത്തി.

2019 ജനുവരി 3 - ശബരിമല കർമസമിതി - ബിജെപി ഹർത്താൽ. വീണ്ടും വ്യാപകഅക്രമങ്ങളും സംഘർഷങ്ങളും. കോഴിക്കോട് മിഠായിത്തെരുവിൽ തെരുവുയുദ്ധം. ബോംബേറ്. വീണ്ടും മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം. ശബരിമലയിലെത്തിയ യുവതികളെ ഇനി വീട്ടിൽ കയറ്റില്ലെന്ന് കുടുംബം.

2019 ജനുവരി 4 - ശ്രീലങ്കൻ സ്വദേശിനി ശശികലയെന്ന യുവതിയും ശബരിമല ദർശനം നടത്തി. ദൃശ്യങ്ങൾ പുറത്ത്. ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് പാർലമെന്റിൽ കറുത്ത ബാഡ്ജണിഞ്ഞെത്തിയ കോൺഗ്രസ് എംപിമാരെ ശാസിച്ച് സോണിയാഗാന്ധി. വീണ്ടും ട്രാൻസ്ജെൻഡറിനെ തടഞ്ഞു. ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് ദേവസ്വംബോർഡ് വിശദീകരണം തേടി. ശബരിമല പ്രശ്നം പാർലമെന്റിൽ. സഭ പ്രക്ഷുബ്ധം.

2019 ജനുവരി 5 - ശബരിമല യുവതീപ്രവേശനത്തെച്ചൊല്ലി രാഷ്ട്രീയസംഘർഷങ്ങൾ തുടരുന്നു. കൂട്ട അറസ്റ്റ്. 3178 പേർ അറസ്റ്റിൽ. മുപ്പത്തേഴായിരം പേർക്കെതിരെ കേസ്. ഹർത്താൽ അക്രമങ്ങളിൽ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം. ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി.

2019 ജനുവരി 6 - ശബരിമല പ്രതിഷേധത്തിന്റെ സംഘാടനം ദേശീയതലത്തിലേക്ക്. ശബരിമല കർമസമിതി അമൃതാനന്ദമയിയെയും ടി പി സെൻകുമാറിനെയും പ്രിയദർശനെയും ചേർത്ത് വിപുലപ്പെടുത്തി.

2019 ജനുവരി 7 - ശ്രീലങ്കൻ സംഘത്തിലെ തീർഥാടകയെ തടഞ്ഞു.

2019 ജനുവരി 9 - നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് എസ് പി മഞ്ജു ശബരിമലയിൽ ദർശനം നടത്തി.

2019 ജനുവരി 14 - മകരവിളക്ക്. 

2019 ജനുവരി 15 - ശബരിമല ഹർജികൾ 22-ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.

2019 ജനുവരി 16 - ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികൾ പ്രതിഷേധത്തെത്തുടർന്ന് മല കയറാനാവാതെ മടങ്ങി. നീലിമല വരെ എത്തിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ കനത്ത സുരക്ഷയില്‍ പോലീസ് തിരിച്ചിറക്കി.

2019 ജനുവരി 18 - 51 യുവതികൾ ശബരിമല കയറി; പേരും ആധാർ നമ്പറും അടക്കം വിശദമായ പട്ടികയുമായി സർക്കാർ സുപ്രീംകോടതിയിൽ. പട്ടിക അബദ്ധപഞ്ചാംഗമെന്ന് വിവരം പുറത്തുവന്നു.

2019 ജനുവരി 19 - പട്ടികയിലെ പാളിച്ചകളിൽ പരസ്പരം പഴി ചാരി പൊലീസും നിയമവകുപ്പും. മണ്ഡലകാലത്ത് ഭക്തർക്ക് ദർശനം നടത്താനുള്ള സമയം അവസാനിച്ചു. സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിക്കുന്നതായി ബിജെപി.

2019 ജനുവരി 20 - സംഭവബഹുലമായ മണ്ഡല - മകരവിളക്ക് കാലത്തിന് ഒടുവിൽ സമാപനം. രാജകുടുംബാംഗം മാത്രം അവസാനദിവസം ദർശനം നടത്തി.