ലണ്ടൻ: ഉത്തരകൊറിയയിൽ ആണവപരീക്ഷണങ്ങൾ നടത്തുന്ന കേന്ദ്രത്തിൽ ടണൽ തകർന്ന് 200ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യൂറോപ്യൻ മാധ്യമങ്ങളാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തര കൊറിയയുടെ വടക്കുകിഴക്കൽ മേഖലയായ പ്യൂഗ്യെരിയിൽ നിർമാണം പുരോഗമിക്കുന്ന ടണൽ സെപ്റ്റംബർ മൂന്നിനു നടത്തിയ ആണവ പരീക്ഷണത്തോടെ ദുർബലമാകുകയും ഇതേമാസം പത്തിനു തകർന്നു വീഴുകയായിരുന്നെന്ന് ജാപ്പനീസ് ടിവിയെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ അപകടത്തിൽ 100 പേരാണു മരിച്ചത്. ഈ അപകടത്തിന്റെ രക്ഷാപ്രവർത്തനം നടക്കവെ വീണ്ടും ടണൽ ഇടിയുകയായിരുന്നു. ഇങ്ങനെ അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 200 ആയെന്ന് ആഷി ടിവി റിപ്പോർട്ടിൽ പറയുന്നു.
ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉത്തരകൊറിയ നടത്തിയിട്ടില്ല. സെപ്റ്റംബർ മൂന്നിനു നടത്തിയ ആണവ പരീക്ഷണം മേഖലയെ തകർത്തതായാണു വിദഗ്ധർ പറയുന്നത്. ഭൂഗർഭ സ്ഫോടനത്തിന്റെ തുടർച്ചയായി പ്രദേശം ’ടയേഡ് മൗണ്ടെയ്ൻ സിൻഡ്രോം’ അവസ്ഥയിലാകുകയായിരുന്നെന്നാണ് വിദഗ്ധർ ഇതിനെ വിശദീകരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ വർഷിച്ച ആറ്റം ബോംബിനെക്കാൾ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബർ മൂന്നിനു പരീക്ഷിച്ചതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
