ഇബ്രാഹിംപട്ടണം: സാമൂഹ്യമാധ്യമമായ ടിക്‌ടോക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭര്‍ത്താവ് രണ്ടാം വിവാഹം ചെയ്‌തെന്ന പരാതിയുമായി ഭാര്യ. ആന്ധ്രാപ്രദേശിലെ ഇബ്രാഹിംപട്ടണത്താണ് ഭര്‍ത്താവിനെതിരായ പരാതിയുമായി ആദ്യ ഭാര്യ രംഗത്തെത്തിയത്. 

'ഇന്ന് ഒരു യുവതി സ്റ്റേഷനിലെത്തി ഭര്‍ത്താവായ സത്യരാജിനെതിരെ പരാതി നല്‍കി. അടുത്തിടെ ടിക്‌ടോക്കില്‍ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയെ സത്യരാജ് വിവാഹം ചെയ്‌തെന്നും വീട്ടിലെ മുതിര്‍ന്നവര്‍ എതിര്‍ത്തതോടെ അയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതിയുടെ പരാതിപ്പെടുന്നു. പരാതിയിന്‍മേല്‍ കേസെടുത്തിട്ടുണ്ട്, അന്വേഷിച്ച്  ഉചിതമായ നടപടിയെടുക്കും' എന്നും പൊലീസ് വ്യക്തമാക്കി. 

എന്നാല്‍ സത്യരാജ് ആരോപണങ്ങള്‍ നിഷേധിച്ചു. 'ആദ്യ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായിരുന്നു ഉദേശിച്ചത്. എന്നാല്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ മാറിമറിയും എന്ന് കരുതിയില്ല. ‍ഞങ്ങള്‍(സത്യരാജും പെണ്‍കുട്ടിയും) ടിക്‌ടോക്കിലാണ് പരിചയപ്പെട്ടത്. പരസ്‌പരം വീഡിയോകള്‍ക്ക് ലൈക്ക് ചെയ്തു. ഞാന്‍ വിവാഹിതനാണെന്ന് പെണ്‍കുട്ടിക്കറിയാമായിരുന്നു. തമ്മില്‍ വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന് അവള്‍ പറഞ്ഞിരുന്നു.

എന്‍റെ ആദ്യ ഭാര്യയെ അറിയാവുന്ന ബന്ധുക്കളെല്ലാം കാര്യങ്ങള്‍ മനസിലാക്കും എന്നാണ് കരുതിയത്. എന്‍റെ മാതാപിതാക്കളെ അവള്‍ നോക്കുന്നുണ്ടായിരുന്നില്ല. ഈ പെണ്‍കുട്ടി മാതാപിതാക്കളെ നന്നായി നോക്കുമെന്ന് കരുതി. അതിനാല്‍ അവളെ വിവാഹം കഴിച്ചു, ശേഷം ഹൈദരാബാദിലേക്ക് പോയി. രണ്ടാം വിവാഹം തെറ്റാണെന്ന് സമ്മതിക്കുന്നു. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും  പരാജയപ്പെടുകയാണ് ഉണ്ടായത്' എന്നും സത്യരാജ് പറഞ്ഞു.