ഇടുക്കി: സംയോജിത കൃഷിയിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുകയാണ് യുവ കര്‍ഷകനായ രാജക്കാട് പഞ്ചായത്തിലെ പനച്ചിക്കുഴി സ്വദേശി പുതിയിടത്ത് ജോണി. ഏത്തവാഴയ്ക്ക് വിലത്തകര്‍ച്ചയും ഉല്‍പ്പാദന കുറവും തിരിച്ചടിയായി മാറിയപ്പോള്‍ വ്യത്യസ്ഥമായ രീതിയില്‍ ഞാലിപ്പൂവന്‍ വാഴ കൃഷിയിലൂടെ മികച്ച നേട്ടമാണ് ജോണി കൈവരിച്ചത്.
കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദന കുറവും കാരണം ഹൈറേഞ്ചിലെ കാര്‍ഷിക മേഖല കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ഥമായ കൃഷിയിലൂടെ ജോണി മികച്ച നേട്ടം കൈവരിക്കുന്നത്. കുടിയേറ്റ കര്‍ഷക കുടുംബത്തിലെ അംഗമായ ജോണി ഇപ്പോളും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചാണ് മുമ്പോട്ട് പോകുന്നത്. തികച്ചും ജൈവ രീതിയിലുള്ള കൃഷി പരിപാലനത്തിന് പ്രയോജനകരമാകുന്ന തരത്തിലാണ് ഇദ്ദേഹം സംയോജിത കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായും ഉള്ളത് ഞാലിപ്പൂവന്‍ വാഴ കൃഷിയാണ്. ഏത്തവാഴയ്ക്ക് വിലത്തകര്‍ച്ച വലിയ പ്രതിസന്ധിയായി മാറിയപ്പോളാണ് ഞാലിപ്പൂവന്‍ വാഴ കൃഷിയിലേയ്ക്ക് തിരിഞ്ഞത്.
നാലായിരത്തിലധികം വാഴയാണ് ഇദ്ദേഹം നട്ടുപരിപാലിക്കുന്നത്. വാഴയ്ക്കും മറ്റ് കൃഷികള്‍ക്കും വളത്തിനായി കന്നുകാലി വളര്‍ത്തലും മുമ്പോട്ട് കണ്ടുപോകുന്നുണ്ട്. ഒപ്പം വിപുലമായ പന്നികൃഷിയും നടത്തുന്നുണ്ട്. മുന്നൂറോളം പന്നികളാണ് ഇദ്ദേഹത്തിന്റെ ഫാമിലുള്ളത്. പന്നി ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് വേണ്ടി സമീപത്തായി മൂന്ന് ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന മാലിന്യം കൃഷിക്ക് വളമായും ഉപയോഗിക്കുന്നു. കൂടാതെ ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. പന്നിഫാമിനോട് ചേര്‍ന്ന് തന്നെ കോഴിയും, അലങ്കാര പ്രാവുകളും വളര്‍ത്തുന്നുണ്ട്. കൂടാതെ കൃഷിയിടത്തില്‍ ജലസേചനത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ മത്സ്യ കൃഷിയും നടത്തുന്നു.
കൃഷിയ്‌ക്കൊപ്പം മൃഗപരിപാലനവും മുമ്പോട്ട് കൊണ്ടുപോകുന്ന ജോണിയ്ക്ക് കൈത്താങ്ങായി സംസ്ഥാനത്തെ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ)യും രംഗത്തെത്തിയിട്ടുണ്ട്. കൃഷി കൂടുതല്‍ മികച്ച രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിനായി അമ്പതിനായിരത്തോളം രൂപ രാജാക്കാട് കൃഷി ഓഫീസ് കൃഷി ആത്മവഴി ഇദ്ദേഹത്ത് നല്‍കിയിട്ടുണ്ട്. രാജാക്കാട് കൃഷി അസിസ്റ്റന്റ്മാരായ പി യു സജിമോന്‍, അരീഷ് പി ചിറക്കല്‍, പി കെ രാജേഷ് എന്നിവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും എത്തിച്ച് നല്‍കുന്നുണ്ട്. ജോമിയുടെ സഹോദരന്മാരാ ബേബി, ജോയി എന്നിവരാണ് കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നതിന് പൂര്‍ണ്ണ പിന്തുണയുമായി ജോമിക്കൊപ്പമുള്ളത്.
