ദില്ലി: വാട്‌സ് ആപ്പ് വഴി ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് ആധാര്‍ അതോറിറ്റി അന്വേഷണം തുടങ്ങി. ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിനായി ഗുജറാത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പാസ് വേഡുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. 

ഓണ്‍ലൈന്‍ വഴി 500 രൂപ മാത്രം നല്‍കിയാല്‍ ആരുടേയും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഘത്തെ കുറിച്ച് ദി ട്രിബ്യൂണ്‍ പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇതോടെ ആധാര്‍ അഥോറിറ്റി പ്രതിരോധത്തിലായി. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധി വരാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി ഗുജറാത്തിലെ സൂറത്ത് ജില്ലാ ഭരണകൂടത്തിന് നല്‍കിയ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും ദുരപയോഗം ചെയ്യുകയായിരുന്നുവെന്നാണ് അഥോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും ഏജന്റിന് കൈമാറിയ ഉദ്യോഗസ്ഥരെ തിരിച്ചറിയാനുള്ള നടപടിയും തുടങ്ങി. ചുരുക്കം ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ അറിയൂ എന്നതിനാല്‍ താമസിയാതെ തന്നെ വാട്‌സ് അപ് സംഘത്തെ പിടികൂടാന്‍ കഴിയുമെന്നാണ് ആധാര്‍ അഥോറിറ്റിയുടെ വിശ്വാസം. അതേ സമയം പാസ്‌വേര്‍ഡ് ലഭ്യമായാലും ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് അഥോറിറ്റി അവകാശപ്പെടുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആധാര്‍ പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് സാമൂഹിക ഓഡിറ്റിംഗ് വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.