റാഞ്ചി: ആധാറിന്‍റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ വൃദ്ധ മരിച്ചു. പട്ടിണി കിടക്കേണ്ടി വന്നതിനാല്‍ ക്ഷീണം ബാധിച്ച് ഗര്‍വ ജില്ലയിലെ സോന്‍പൂര്‍വ്വ ഗ്രാമത്തിലുള്ള എത്‌വര്യ ദേവി (67)യാണ് മരണപ്പെട്ടത്. റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് എത്‌വര്യയുടെ മരണമെന്ന് ജാര്‍ഖണ്ഡിലെ സാമൂഹിക സംഘടനയായ റൈറ്റ് ടു ഫുഡ് ക്യാംപെയിന്‍ പറഞ്ഞു.

ഡിസംബര്‍ 25നാണ് എത്‌വര്യ മരണപ്പെട്ടത്. 2017 ഒക്ടോബര്‍ മുതല്‍ റേഷനും നവംബര്‍ മുതല്‍ പെന്‍ഷനും ലഭിച്ചിരുന്നില്ല. മകന്‍റെ കുടുംബത്തിനൊപ്പമാണ് എത്‌വര്യ കഴിഞ്ഞിരുന്നത്. ഭക്ഷണത്തിനായി പലപ്പോഴും സമീപത്തുള്ളവരെയാണ് കുടുംബം ആശ്രയിച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ സംഭവിച്ച അഞ്ചാമത്തെ മരണമാണിതെന്ന് റൈറ്റ് ടു ഫുഡ് പ്രവര്‍ത്തകനായ സിറാജ് ദത്ത പറഞ്ഞു. സെപ്റ്റംബര്‍ 28ന് സിംദേഗയില്‍ സന്തോഷി കുമാരി എന്ന ബാലികയും ഡിസംബര്‍ ഒന്നിന് പ്രേമാനി കുന്‍വാര്‍ എന്ന 64കാരിയും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.