ദില്ലി: നവംബർ മുതൽ സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടറുകൾ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പാചകവാതക കണക്ഷനുകൾ ആധാർകാർഡുമായി ബന്ധിപ്പിക്കാൻ സർക്കാർ നവംബർ 30 വരെ സമയം നൽകി. നേരത്തെ സെപ്റ്റംബർ 30 ആയിരുന്നു അവസാന തീയതി .

20ശതമാനം ഉപഭോക്താക്കളാണ് പാചകവാതക കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കാത്തതെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. നിലവിൽ ഒരു വർ‍ഷം 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ വർഷം നൽകുന്നത്.നിലവിൽ 2.06 കോടി കുടുംബങ്ങള്‍ക്ക് സബ്‌സിഡി പണം ബാങ്ക് അക്കൗണ്ടുകൾ വഴി ലഭ്യമാകുന്നുണ്ട്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് 2015 മെയില്‍ സുപ്രിംകോടതി വിധിച്ചിരുന്നു.വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടിവരുമെന്നും എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് എല്‍പിജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കി പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.