ദില്ലി: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമാണ് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ കണക്ഷനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് ശേഷമാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും നിബന്ധന നടപ്പാക്കുന്നത്. ഓരോ ഫോണ്‍ ഉപഭോക്താവിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ ടെലികോം കമ്പനികളില്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ടെലികോം വകുപ്പ് പുറത്തിറക്കി.
ഒരു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കളുടെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ഉത്തരവ്. പുതിയ കണക്ഷനുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. ഇതിനായി ബയോമെട്രിക് സംവിധാനം ഒരുക്കാനും കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആധാര്‍ വഴിയും മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാം.
