എഎപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കാന്‍ ബിജെപി എംപിമാരെ കേജ്‍രിവാള്‍ വെല്ലുവിളിക്കുകയും ചെയ്തു

ദില്ലി: ആം ആദ്മിയാണ് രാജ്യതലസ്ഥാനത്തെ ഏക അഴിമതിരഹിത പാര്‍ട്ടിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. സംസ്ഥാനത്ത് വര്‍ധനയുണ്ടായ വെെദ്യുതി ബില്ലില്‍ എത്രയും വേഗം പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കേജ്‍രിവാള്‍ വ്യക്തമാക്കി. 

മറ്റ് സംസ്ഥാനങ്ങളുമായി പരിഗണിക്കുമ്പോള്‍ ദില്ലിയിലാണ് ഏറ്റവും കുറവ് വെെദ്യുതി ചാര്‍ജ്. എന്നാല്‍, വെെദ്യുതി ബില്ലില്‍ അടയ്ക്കേണ്ട നിശ്ചിത തുകയാണ് നേരിയ തോതില്‍ വര്‍ധിപ്പിക്കേണ്ടി വന്നത്. ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുയാണ്. ഉടന്‍ നടപടിയുണ്ടാകും.

എഎപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കാന്‍ ബിജെപി എംപിമാരെ കേജ്‍രിവാള്‍ വെല്ലുവിളിക്കുകയും ചെയ്തു. ഷീല ദീക്ഷിത്തിന്‍റെ നേതൃത്വം കൊടുത്ത മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസ് തയാറായില്ല.