കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശിരോമണി അകാലിദള്‍ സഖ്യത്തെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് നാല് സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടിയത്. എ.എ.പി ഭരിക്കുന്ന ദില്ലിയില്‍ പോലും ഒരു സീറ്റ് നേടാന്‍ കഴിയാത്ത എ.എ.പിക്ക് പഞ്ചാബിലെ വിജയം ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തുറക്കലായി. എന്നാല്‍ രണ്ടര വ‌ര്‍ഷം കഴിയുമ്പോള്‍ നാല് എം.പിമാരില്‍ രണ്ട് പേര്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. അരവിന്ദ് കെജ്‍രിവാളാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്നാണ് പട്യാല എം.പി ധരംവീര്‍ ഗാന്ധിയുടെ ആരോപണം. അരവിന്ദ് കെജ്‍രിവാളിനും അദ്ദേഹത്തിനൊപ്പമുള്ളവരുടേയും പാര്‍ട്ടിയായി മാറിയെന്നും പാര്‍ട്ടിയില്‍ ഒരു അഭിപ്രായസ്വാതന്ത്രവുമില്ലെന്നും ധരംവീര്‍ ഗാന്ധി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാതെരഞ്ഞെടുപ്പും നടന്നെങ്കില്‍ എ.എ.പിയ്‌ക്ക് വലിയ സാധ്യതയുണ്ടായിരുന്നുവെന്ന് അകാലിദള്‍ തന്നെ സമ്മതിക്കുന്നു. സംസ്ഥാനത്ത് എ.എ.പിയില്‍ അധികാരത്തര്‍ക്കം ഇപ്പോള്‍ രൂക്ഷമാണ്. അരവിന്ദ് കെജ്‍രിവാള്‍ പലപ്രാവശ്യമെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആം ആംദ്മി പാര്‍ട്ടിയുടെ ഭാവി തന്നെ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടും.