പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ ആം ആദ്മി പാര്‍ട്ടി സംഘം ഇന്ന് ദില്ലി സര്‍വകലാശാല വൈസ് ചാന്‍സിലറുമായി കൂടികാഴ്ച നടത്തും. സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘം ഇന്നലെ ക്യാമ്പസില്‍ എത്തിയെങ്കിലും ഇവരെ കാണാന്‍ വൈസ് ചാന്‍സലര്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നേരം കാത്തിരുന്ന ശേഷം അടുത്തദിവസം വരാന്‍ ഇവരോട് വിസിയുടെ ഓഫീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ദില്ലി സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റില്‍ ചില തെറ്റുകളുണ്ടെന്നും ഇത് സ്വാഭാവികം മാത്രമാണെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. എന്നാല്‍ ബിജെപി നേതാക്കാള്‍ പുറത്തുവിട്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മാര്‍ക്ക് ലിസ്റ്റ് പരസ്‌പരവിരുദ്ധമാണെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. ഇത് തെളിയിക്കുന്നതിനായാണ് സര്‍വകലാശാലയിലുള്ള രജിസ്റ്ററുകളടക്കം പരിശോധിക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.