കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തും വരും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ആര്‍ക്ക് ചെയ്തുവെന്ന് ഉറപ്പാക്കുന്ന സ്ലിപ് കിട്ടുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങുന്ന മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും പങ്കെടുക്കും. നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കും. യന്തങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ നടത്തുന്ന ഹാക്കത്തോണില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള യന്ത്രങ്ങളിലും ക്രമക്കേട് നടത്താനാകുമെന്ന് തെളിയിക്കുമെന്നാണ് എ.എ.പി പ്രവര്‍ത്തകരുടെ അവകാശവാദം. ദില്ലി നിയമസഭയില്‍ കഴിഞ്ഞ ദിവസം മാതൃകാ യന്ത്രം ഉപയോഗിച്ച് ക്രമക്കേട് നടത്താനാകുമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ തെളിയിച്ചിരുന്നു. അതിനിടെ എ.എ.പി പ്രവര്‍ത്തകരുടെ വിദേശ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര നടത്തുന്ന നിരാഹാര സത്യഗ്രഹം തുടരുകയാണ്.
