ആം ആദ്മി പാര്‍ട്ടിയില്‍ താത്കാലിക വെടിനിര്‍ത്തല്‍. സ്ഥാപക നേതാവ് കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച അമാനത്തുള്ള ഖാന്‍ എംഎല്‍എയെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കുമാര്‍ വിശ്വാസിന് രാജസ്ഥാന്‍റെ ചുമതല നല്‍കി.

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തോല്‍വിക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹമുണ്ടായത്. അഴിമതിക്കാരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി മാത്രം തലയൂരാനാകില്ലെന്നുമുള്ള സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന്‍റെ പരാമര്‍ശം പാര്‍ട്ടിയിലെ അനൈക്യം പ്രകടമാക്കി. തൊട്ടുപിന്നാലെ ബിജെപിയില്‍ നിന്ന് കോഴ വാങ്ങി കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഒഖ്‍ല എംഎല്‍എ അമാനത്തുള്ള ഖാനും പോര്‍മുഖം തുറന്നോടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇടപെട്ടു. പാര്‍ട്ടിയില്‍ ഭൂരിപക്ഷവും കുമാര്‍ വിശ്വാസിനൊപ്പം നിന്നതോടെ രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് അമാനത്തുള്ള ഖാന് രാജിവയ്‌ക്കേണ്ടി വന്നു. അമാനത്തുള്ള ഖാനെ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന നിലപാടില്‍ കുമാര്‍ വിശ്വാസ് ഉറച്ച് നിന്നതോടെ രാഷ്‌ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് അമാനത്തുള്ള ഖാനെ സസ്‌പെന്‍ഡ് ചെയ്തു.

പാര്‍ട്ടി പിളര്‍ത്താന്‍ കുമാര്‍ വിശ്വാസ് ശ്രമിക്കുവെന്ന അമാനത്തുള്ള ഖാന്‍റെ ആരോപണവും, കുമാര്‍ വിശ്വാസിന്‍റെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശവും അമാനത്തുള്ള ഖാനെതിരായ തുടര്‍ നടപടിയും അശുതോഷും പങ്കജ് ഗുപ്തയും അടങ്ങുന്ന രണ്ടംഗ സമിതി അന്വേഷിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പിന്തുണയുള്ള കുമാര്‍ വിശ്വാസിന് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.