Asianet News MalayalamAsianet News Malayalam

'നല്ല മനുഷ്യരെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യണം'; പ്രകാശ് രാജിന് വേണ്ടി പാര്‍ട്ടികള്‍ രംഗത്ത്

പ്രമുഖ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെയാണ് പ്രകാശ് രാജിന്റെയും രാഷ്ട്രീയ പ്രവേശനം. ഏതെങ്കിലും മുന്നണികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ രജനിയും കമലും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

aam admy party welcomes actor prakash raj to politics
Author
Bengaluru, First Published Jan 5, 2019, 12:10 PM IST

ബെംഗലൂരു: രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചതിന്റെ പിറകെ നടന്‍ പ്രകാശ് രാജിന് വേണ്ടി പ്രമുഖര്‍ രംഗത്തെത്തുകയാണ്. ഇക്കഴിഞ്ഞ 31ന് പുതുവര്‍ഷ ആശംസകള്‍ക്കൊപ്പമാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം പരസ്യമായി പ്രഖ്യാപിച്ചത്. 

ഏറെ വൈകാതെ പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ച് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു രംഗത്തെത്തിയിരുന്നു. രാമറാവുവുമായി പ്രകാശ് രാജ് കൂടിക്കാഴ്ചയും നടത്തി. 

ഇപ്പോള്‍ പ്രകാശ് രാജിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടിയും മുന്നോട്ടുവന്നിരിക്കുകയാണ്. നല്ല മനുഷ്യര്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടെന്നും അത്തരം പ്രവണതയെ സ്വാഗതം ചെയ്യുന്നുവെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. മനീഷ് സിസോദിയയുടെ പിന്തുണയ്ക്ക് പ്രകാശ് രാജ് ട്വീറ്റിലൂടെ നന്ദിയും അറിയിച്ചു. 

പ്രമുഖ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെയാണ് പ്രകാശ് രാജിന്റെയും രാഷ്ട്രീയ പ്രവേശനം. ഏതെങ്കിലും മുന്നണികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ രജനിയും കമലും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താന്‍ സ്വതന്ത്രനായാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. 

ഗൗരി ലങ്കേഷ് വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സംഘ്പരിവാറിനെതിരെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇനി രാഷ്ട്രീയത്തില്‍ കൂടി സജീവമാകാന്‍ തീരുമാനിച്ചതോടെ പ്രകാശ് രാജ് ആര്‍ക്കൊപ്പം അണിനിരക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രമുഖരുടെ പട്ടികയില്‍ പെടാത്ത ചെറിയ പാര്‍ട്ടികളും പ്രകാശ് രാജിന് വേണ്ടി ചരടുവലികള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

Follow Us:
Download App:
  • android
  • ios