തങ്ങൾ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല; അതിന് ഞങ്ങൾ കോടതിയോ അന്വേഷണ ഉദ്യോ​ഗസ്ഥരോ അല്ല,കുറ്റം തെളിയുന്നതുവരെ ഞങ്ങൾ മാറി നിൽക്കുകയാണെന്നും അമീർ ഖാൻ ട്വിറ്ററിൽ കുറിച്ചു. 

ദില്ലി: ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുന്ന മീ ടു ക്യംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആമീര്‍ഖാനും ഭാര്യ കിരണ്‍ റാവുവും രംഗത്ത്. ഇതിന്റെ ഭാ​ഗമായി സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന 'മൊഗുള്‍' ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇരുവരും അറിയിച്ചു. സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി ലൈംഗികാരോപണം നൽകിയതിന് പിന്നാലെയാണ് ക്യംപെയ്നിന് പിന്തുണയുമായി ഇരുവരും എത്തിയത്.

ലൈം​ഗീക അതിക്രമങ്ങൾ നേരിട്ടവർക്കൊപ്പമാണ് തങ്ങളെന്നും ആരോപണം നേരിടുന്നവരുമായി പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അമീർ ഖാൻ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. തങ്ങൾ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല; അതിന് ഞങ്ങൾ കോടതിയോ അന്വേഷണ ഉദ്യോ​ഗസ്ഥരോ അല്ല,കുറ്റം തെളിയുന്നതുവരെ ഞങ്ങൾ മാറി നിൽക്കുകയാണെന്നും അമീർ ഖാൻ ട്വിറ്ററിൽ കുറിച്ചു.

രാജ്യമൊട്ടാകെ പടർന്ന് പന്തലിച്ചിരിക്കുന്ന മീ ടു ക്യംപെയ്ൻ ബോളിവുഡിന് ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കി. ടി സീരിയസിനൊപ്പം ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു മൊഗുളിന്റെ സഹനിര്‍മ്മാതാവ്.