Asianet News MalayalamAsianet News Malayalam

തിരിച്ചടിയേറ്റ് ആം ആദ്മി

AAP
Author
First Published Mar 11, 2017, 9:08 AM IST

ദില്ലിക്ക് ശേഷം പഞ്ചാബും ഗോവയും പിടിച്ച് 2019 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തരായ എതിരാളിയാകാം എന്ന ആംആദ്മി പാര്‍ട്ടിയുടെ മോഹത്തിനാണ് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി നല്‍കിയത്. മോദിയുമായി നേര്‍ക്കുനേര്‍ പോരാടുന്ന ദേശീയ നേതാവായി വളരാം എന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പദ്ധതിക്കും തല്‍കാലത്തേക്കെങ്കിലും തിരിച്ചടി കിട്ടിയിരിക്കുന്നു.

പഞ്ചാബിലെയും ഗോവയിലെയും വിജയം ആഘോഷിക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ വീട്ടില്‍ ബലൂണുകളും ബിഗ് സ്ക്രീനില്‍ ജയ്ഹോ ഗാനവും മധുരപലഹാരങ്ങളും ഒരുക്കിവെച്ചിരുന്നു. പ്രഭാതസവാരി ഒഴിവാക്കി കെജ്രിവാള്‍ ടിവിക്ക് മുന്നിലും ഇരുന്നു. എക്‌സിറ്റ്പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ്- എഎപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചിരുന്നെവെങ്കിലും ജയത്തിന്റെ കാര്യത്തില്‍ ആംആദ്മി നേതൃത്വം കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഫലസൂചിക അനുകൂലമല്ലാതായതോടെ ആംആദ്മി ക്യാമ്പില്‍ ആരവം ഒഴിഞ്ഞു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ ആയപ്പോഴേക്കും കോണ്‍ഗ്രസ് എഎപിയെ ഏറെ പിന്നിലാക്കി. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗന്ത്മാന്‍ ജലാലാബാദിലും ജെര്‍ണെയ്സിംഗ് ലാംബിയിലും തോറ്റതോടെ പതനത്തിന് ആക്കം വര്‍ദ്ധിച്ചു. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളും കോണ്‍ഗ്രസിന്റെ മുന്നേറ്റം മനസിലാക്കാതെ പോയതുമാണ് പഞ്ചാബില്‍ ആംആദ്മിക്ക് വിനയായത്. ഹരിയാനക്കാരന്‍ പഞ്ചാബില്‍ ആളാകാന്‍ ശ്രമിക്കുന്നുവെന്നരീതിയില്‍ കെജ്രിവാളിനെതിരെ എതിരാളികള്‍ നടത്തിയ പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിച്ചു.  ഗോവയിലാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മൂന്ന് മാസം മുന്‍പ് ആംആദ്മി പ്രചാരണം തുടങ്ങിയിതായിരുന്നു. കെജ്രിവാളിനെ പോലെ അഴിമതിവിരുദ്ധ പ്രതിഛായയുള്ള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എല്‍വിസ് ഗോമസിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു പോരാട്ടം. ആപ് നാല്‍പതില്‍ മുപ്പത്തിഒന്‍പതിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരാള്‍പോലും നിലതൊട്ടില്ല.

Follow Us:
Download App:
  • android
  • ios