പണണിടപാടുകളില്‍ പൂര്‍ണ്ണ സുതാര്യത പ്രഖ്യാപിച്ചാണ് ആം ആദ്മി പാര്‍ട്ടി, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചിരുന്നത്. പാര്‍ട്ടിക്ക് പണം നല്‍കിയ എല്ലാവരുടെയും പേര് വിവരങ്ങള്‍ ഔദ്ദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിക്കുന്ന രീതിയായിരുന്നു രൂപീകരണ കാലം മുതല്‍ ആം ആദ്മി പാര്‍ട്ടി പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവരെ മറ്റ് പാര്‍ട്ടികള്‍ ദ്രോഹിക്കുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംഭാവനകള്‍ നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചത്. നേരത്തെ പണം നല്‍കിയവരുടെ അടക്കം വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് മാറ്റിയിട്ടുമുണ്ട്. 

വലിയ തുകകള്‍ സംഭാവന ചെയ്യുന്നവരെ എതിര്‍ പാര്‍ട്ടികള്‍ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റുന്നതെന്ന് ആം ആദ്മി ദേശീയ ട്രഷറര്‍ രാഘവ് ചന്ദ്ര പറഞ്ഞു. സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഒരാഴ്ച മുമ്പാണ് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസും ബി.ജെപിയും അടക്കമുള്ള മറ്റ് പാര്‍ട്ടികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ രൂപയ്ക്കും വ്യക്തമായ കണക്കുണ്ടാകുമെന്നും രാഘവ് ചന്ദ്ര വ്യക്തമാക്കി.