ചണ്ഡീഗഢ്: പഞ്ചാബില്‍ അരവിന്ദ്ര കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും എന്ന നിലപാട് ആം ആദ്മി പാര്‍ട്ടി പിന്‍വലിച്ചു. പഞ്ചാബില്‍ നിന്നു തന്നെ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന സൂചന ഇന്നലെ അടുത്ത അനുയായിയായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നല്‍കിയിരുന്നു. തീവ്രനിലപാടുള്ള സിഖ് വോട്ടര്‍മാരെ ഒപ്പം നിറുത്താന്‍ അകാലിദള്‍ ഈ നിലപാട് ആയുധമാക്കുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ഇന്ന് നിലപാട് മാറ്റിയത്.

പഞ്ചാബില്‍ നിന്നുള്ള ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബിലെയും ഗോവയിലെയും പത്രികാ സമര്‍പ്പണം തുടങ്ങിയ ദിവസമാണ് എഎപിയുടെ നിലപാട് മാറ്റം. ലംബി മണ്ഡലത്തില്‍ പ്രചരണം നടത്തുകയായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനു നേരെ ഷൂ എറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തര്‍പ്രദേശില്‍ സാമുദായിക സ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കാതെ ബിജെപി എംപി സാക്ഷിമഹാരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ന്‍കി. ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് അശങ്ക രേഖപ്പെടുത്തിയതാണെന്നാണ് സാക്ഷി മഹാരാജിന്റെ വിശദീകരണം. ഉത്തര്‍പ്രദേശില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോഴുള്ള ജനപിന്തുണ ഇപ്പോള്‍ ബിജെപിക്ക് ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. കേന്ദ്ര ബജറ്റ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ നിവേദനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.