ദില്ലി: ലൈംഗികപവാദത്തിൽ അകപ്പെട്ട ദില്ലി സാമൂഹിക-കുടുംബക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എഎപി നേതാക്കളുടെ പൊതുജീവിതം സംശുദ്ധമായിരിക്കണം. സന്ദീപ് കുമാറിനെതിരായ സിഡിയിലെ തെളിവുകൾ നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരക്കാരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.
രണ്ട് സ്ത്രീകളുമായി സന്ദീപ് കുമാർ കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്താക്കലിലേക്ക് വഴിതെളിച്ചത്.സുൽത്താൻപൂർ മജ്‍റയിൽ നിന്നുള്ള എംഎൽഎയാണ് 36കാരനായ സന്ദീപ് കുമാർ.
19 മാസത്തിനുള്ളിൽ പുറത്താക്കുന്ന മൂന്നാമത്തെ എഎപി മന്ത്രിയാണ് സന്ദീപ് കുമാർ. നേരത്തെ വ്യാജ ബിരുദകേസിൽ അറസ്റ്റിലായ ജിതേന്ദ്രസിംഗ് തോമർ, കൈക്കൂലി വാങ്ങിയതിന് ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാൻ എന്നിവരെ പുറത്താക്കിയിരുന്നു.
