ദില്ലി: സ്‌ത്രീയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌ത കേസില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എ അറസ്റ്റിലായി. ഓഖ്‌ലയില്‍ നിന്നുള്ള അമാനത്തുള്ള ഖാന്‍ എന്ന ആം ആദ്മി എം എല്‍ എയെയാണ് ദില്ലി പൊലീസ് അറസ്റ്റു ചെയ്‌തത്. ദില്ലി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് രഞ്ജന്‍ ആണ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചത്. അമാനത്തുള്ള ഖാനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവം സ്ഥിരീകരിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. മോദി ജി ഒരു ആം ആദ്മി എം എല്‍ എയെ കൂടി അറസ്റ്റു ചെയ്തിരിക്കുന്നുവെന്നാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്. ദില്ലി പൊലീസിന് മേല്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിയന്ത്രണാധികാരം ദുരുപയോഗം ചെയ്‌തു ആം ആദ്മി പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ജൂലൈ ഇരുപതിനാണ് 35 വയസുള്ള സ്‌ത്രീ, അമാനത്തുള്ള ഖാനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ എം എല്‍ എയും അനുയായികളും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് പരാതി. സ്‌ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെയുള്ള ഐ പി സി 509 വകുപ്പ് പ്രകാരമാണ് ദില്ലിയിലെ ജാമിയ നഗര്‍ പൊലീസ് കേസെടുത്തത്.
