ദില്ലി: ഉത്തർപ്രദേശിൽ അപ്നാ ദൾ കൃഷ്ണ പട്ടേൽ വിഭാഗവുമായി കൈകോർത്ത് ആം ആദ്മി പാർട്ടി. അപ്നാ  ദളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമായി. സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിലെ മുഴുവൻ സീറ്റുകളിലും ഇരു പാർട്ടികളും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. 
 ‌
അപ്നാ ദളുമായി ദീർഘകാലമായി ചർച്ചകൾ നടക്കുകയാണ്. എഎപിയുടെ പ്രത്യയശാസ്ത്രമായ സീറോ അഴിമതി, മതേതരത്വം ഇതൊക്കെയാണ് അപ്നാ ദളും ചേർത്തു പിടിക്കുന്നത്. ഇരു പാർട്ടികളും അഴിമതിക്കും വര്‍ഗീയ ശക്തിക്കും എതിരാണെന്നും എഎപി ഉത്തർപ്രദേശ് വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു. 
 
അതേസമയം, ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അരവിന്ദ് കേജ്‌രിവാള്‍ വാരണാസിയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു സിംഗ്.  

 അപ്നാ ദൾ പാർട്ടി സ്ഥാപകനായ സോൻ ലാൽ പട്ടേലിന്റെ ഭാര്യയാണ് പാർട്ടിയിലെ കൃഷ്ണ പട്ടേൽ വിഭാഗം നയിക്കുന്നത്. സോനെലാൽ പട്ടേലിന്റെ മൂത്തമകൾ അനുപ്രിയ പട്ടേൽ ആണ് അപ്നാ ദൾ എസ് വിഭാഗത്തിന്റെ നേതാവ്. വാരണാസിയിലെ ഒബിസി സമുദായക്കാരുടെ ഏറ്റവും പിന്തുണയുള്ള പാർട്ടിയാണ് അപ്നാ ദൾ കൃഷ്ണ പട്ടേൽ വിഭാഗം.