ദില്ലി: ഉപതെരഞ്ഞെടുപ്പിലെ അഭിമാനപ്പോരാട്ടത്തിൽ ദില്ലിയിലെ ഭവാന മണ്ഡലം നിലനിര്‍ത്തി മുഖം രക്ഷിച്ച് ആംആദ്മി പാര്‍ട്ടി. ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. ഗോവയിലെ പനാജിയിൽ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ജയിച്ചപ്പോൾ വാൽപോയ് മണ്ഡലം കോൺഗ്രസിൽ നിന്ന് ബിജെപി തിരിച്ച് പിടിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലായി നാല് നിയമസഭ സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. ദില്ലി രജൗരി ഗാര്‍ഡൻ ഉപതെരഞ്ഞെടുപ്പിലേയും മുൻസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലേയും തിരിച്ചടിയുടെ ക്ഷീണം മാറ്റാനിറങ്ങിയ ആംആദ്മി പാര്‍ട്ടി ഭവാന മണ്ഡലം നിലനിര്‍ത്തി. എംഎൽഎ സ്ഥാനവും ആംആദ്മി പാര്‍ട്ടി അംഗത്വവും രാജിവച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയ വേദ്പ്രകാശിനെ 24052 വോട്ടിന് ആപ്പിലെ രാംചന്ദര്‍ പിന്നിലാക്കി.
അക്കൗണ്ട് തുറക്കാൻ മൂന്ന് തവണ എംഎൽഎ ആയിരുന്ന സുരേന്ദര്‍ കുമാറിനെ ഇറക്കിയെങ്കിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തിലൊതുങ്ങി. ഇരട്ടപ്പദവി വിഷയത്തിൽ ആംആദ്മി പാര്‍ട്ടിയുടെ 20 എംഎൽഎമാര്‍ അയോഗ്യത ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഭവനായിലെ ജയം കെജ്‍രിവാളിന് ആശ്വാസമായി. ഗോവയിലെ രണ്ട് സീറ്റിലും ബിജെപി വിജയിച്ചു. പനാജിയിൽ 4803 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മണ്ഡലം നിലനിര്‍ത്തി
കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപി സര്‍ക്കാരിൽ ആരോഗ്യമന്ത്രിയായ വിശ്വജിത്ത് റാണെയിലൂടെ വാൽപോയ് മണ്ഡലം ബിജെപി തിരിച്ച് പിടിച്ചു. ആന്ധ്രയിലെ നന്ദ്യാൽ ഭരണകക്ഷിയായ തെലുഗ് ദേശം പാര്‍ട്ടി നിലനിര്‍ത്തി.
വൈഎസ്ആര്‍ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. നന്ദ്യാലിൽ 250 പോസ്റ്റൽ വോട്ടുകളിൽ 39 എണ്ണം അസാധുവും 211 വോട്ടുകൾ നോട്ടയ്ക്കും വീണതോടെ സ്ഥാനാര്‍ത്ഥികൾക്കാര്‍ക്കും പോസ്റ്റൽ വോട്ട് കിട്ടിയില്ല
