കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായൊരു സംയോജനമായിരുന്നു ആരുഷി എന്ന 14കാരിയുടെ മരണം. വാദി പ്രതിയും പ്രതി വാദിയുമായി മാറിമറഞ്ഞ മാന്ത്രികത്വം. 2008 മെയ് 16നാണ് നോയിഡയിലെ ഫഌറ്റില്‍ ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നൂപൂര്‍ തല്‍വാറിന്റെയും മകളായ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ഏക മകളായിരുന്നു ആരുഷി.
കൊലപാതകത്തില്‍ പരാതിക്കാരായി ആദ്യ ഘട്ടത്തില്‍ എത്തിയത് ഈ രക്ഷിതാക്കള്‍ തന്നെ ആയിരുന്നു. രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും കൊലപാതകം നടത്തിയത് വീട്ടുവേലക്കാരനായ നേപ്പാള്‍ സ്വദേശി ഹേംരാജാണെന്ന് സംശയിക്കുന്നതായി മൊഴി നല്‍കി. കൊലപാതകം നടന്ന വീട്ടില്‍ കാര്യമായ പരിശോധനപോലും നടത്താതെ പൊലീസ് മൊഴിയുടെ അടിസ്ഥാനത്തില്‍ ഹേംരാജിന്റെ പിന്നാലെ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ അടുത്ത ദിവസം (മെയ് 17) തന്നെ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ കൊലപാതക കേസ് കൂടുതല്‍ സങ്കീര്‍ണമായി. വീടുമായി ബന്ധമുള്ളവരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നിലപാടിലെത്തി. തുടര്‍ന്ന് മുന്‍ വീട്ടു ജോലിക്കാരനായ വിഷ്ണു ശര്‍മ്മയും സംശയത്തിന്റെ നിഴലിലായി. കേസില്‍ മാധ്യമ ഇടപെടല്‍ വന്നതോടെ യു.പി പൊലീസിനൊപ്പം ദില്ലി പോലീസും അന്വേഷണത്തിന്റെ ഭാഗമായി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തലുകള്‍ പൊലീസ് നടത്തിയത്. ദുരഭിമാനക്കൊലയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അതേസമയം ഇരുവരെയും കൊലപ്പെടുത്തിയത് ഒരേ രീതിയിലായിരുന്നു. ഗോള്‍ഫ് കളിക്കുന്ന വടി കൊണ്ട് അടിച്ചതും ഒപ്പം ശസ്ത്രക്രിയിക്കുള്ള കത്തി ഉപയോഗിച്ച് കഴുത്തറുത്തുമായിരുന്നു ഇരുകൊലപാതകങ്ങളും നടത്തിയത്. ഈ തെളിവുകള്‍ ചെന്നെച്ചത് ആരുഷിയുടെ പിതാവിലേക്കായിരുന്നു. മെയ് 23ന് രാജേഷ് തല്‍വാറിനെ അറസ്റ്റ് ചെയ്തു.
എന്നാല്‍ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. മാധ്യമങ്ങള്‍ ഏറ്റുപിടിച്ച കേസില്‍, അന്വഷണം നോയിഡ പോലീസില്‍ നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. തല്‍വാര്‍ ദമ്പതികളുടെ സഹായത്തിലാണ് കൊലപാതകം നടന്നതെന്നായിരുന്ന സി.ബി.ഐ നിഗമനം. ജൂണ്‍ 13ന് തല്‍വാറിന്റെ വീട്ടുജോലിക്കാരന്‍ കൃഷ്ണ അറസ്റ്റിലായി. തല്‍വാര്‍ ദമ്പതികളെയും മറ്റു പ്രതികളെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചില്ല.
തുടര്‍ന്ന് ജൂണ്‍ 26ന് രാജേഷ് തല്‍വാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഗാസിയാബാദ് മജിസ്‌ട്രേറ്റ് കോടതി തള്ളി. എന്നാല്‍ ജൂലൈ 12ന് രാജേഷ് തല്‍വാറിന് ജാമ്യം ലഭിച്ചു. 2009 ല്‍ നിയമത്തിന്റെ വിവിധ സാധ്യതകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കാര്യമായ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. സി.ബി.ഐ അന്വഷണത്തിന്റെ വഴികളിലെല്ലാം കൊലപാതകം നടത്തിയത് തല്‍വാര്‍ ദമ്പതികളാണെന്ന് ആരോപിച്ചെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല.
ഒടുവില്‍ സി.ബി.ഐ അടിയറവുപറഞ്ഞു. 2009 ഡിസംബറില്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കുന്നതിന് സി.ബി.ഐ. അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഫെബ്രുവരി ഒമ്പതിന് കേസ് അവസാനിപ്പിക്കുന്നതിന് സി.ബി.ഐ. നല്‍കിയ അപേക്ഷ പ്രത്യേക കോടതി തള്ളി. കുറ്റം ചുമത്തുന്നതിന് കോടതിയില്‍ ഹാജരാകാന്‍ തല്‍വാര്‍ ദമ്പതിമാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ഫെബ്രുവരി 21ന് തന്നെ വിചാരണക്കോടതിയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തല്‍വാര്‍ ദമ്പതിമാര്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അലഹാബാദ് ഹൈക്കോടതി അത് തള്ളി. മാര്‍ച്ച് 19ന് ദമ്പതിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2012 ജനുവരി ഒമ്പതിന് രാജേഷ് തല്‍വാറിന് കീഴ്‌ക്കോടതി നല്‍കിയ ജാമ്യം തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഫെബ്രുവരി നാലിന് ഭാര്യ നൂപുറിനൊപ്പം വിചാരണ നേരിടാന്‍ പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ രാജേഷിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
തെളിവുകള്‍ അപര്യാപ്തമാണെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 26ന് ഇരട്ടക്കൊലപാതകത്തിന് തല്‍വാര് ദമ്പതിമാരെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തീര്‍ത്തും ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിച്ചതെന്നും കേസില്‍ കറ്റവുമുക്തരാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിശോധന നടത്തി.
2017 സെപ്തംബറില്‍ അപ്പീല്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിന് മാറ്റിവച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 12ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ തല്‍വാര്‍ ദമ്പതിമാരെ ഹൈക്കോടതി വിട്ടയച്ചു. എന്നാല്‍ സംശയത്തിന്റെ ചുരുളുകള്‍ നിവരാതെയാണ് ഹൈക്കോടതിയുടെ വിധിയെത്തിയത്. അടുത്ത അന്വേഷണം ആര് എന്നോ കൊലപാതകം എങ്ങനെ നടന്നു, ആരാണ് കൊലയാളി തുടങ്ങി നിരവധി ചോദ്യങ്ങളാണ് ബാക്കിയാകുന്നത്.
കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ സി.ബി.ഐക്ക് നാണക്കേടുണ്ടാക്കിയ കേസ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. വിധിയുടെ പശ്ചാത്തലത്തില്‍ തെളിവുകളില്ലാത്ത കുറ്റപത്രവുമായി സുപ്രിം കോടതിയെ സമീപിച്ചാലും വിധി മറിച്ചാവില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെ ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി കുഴിച്ചു മൂടപ്പെടുന്ന കേസുകളുടെ പട്ടികയില്‍ ആരുഷിയുടെ കൊലപാതകവും പൊടികയറി മറഞ്ഞു കിടക്കും.
