സമുദ്രസുരക്ഷ ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: സമുദ്രസുരക്ഷയില്‍ ആസിയാന്‍ രാജ്യങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഷാംഗ്രില ഉച്ചകോടിയില്‍ പങ്കെടുത്തു. മേഖലയിലെ സഹകരണത്തിന് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ വിശ്വാസം വളരേണ്ടത് അനിവാര്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്തോ പസഫിക് മേഖലയില്‍ ആസിയാന്‍ രാജ്യങ്ങളുമായി കൈകോര്‍ത്ത് സ്വാധീനം ഉറപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഷാംഗ്രില ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.സമ്മേളനത്തെ അഭിസംബോധന ചെയ്ത മോദി സമുദ്രാതിര്‍ത്തികളില്‍ അന്താരാഷട്ര നിയമങ്ങള്‍ പാലിക്കണമെന്ന് ചൂണ്ടികാട്ടി. മേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്തോനേഷ്യയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന വാണിജ്യതുറമുഖ നിര്‍മ്മാണത്തിന് സിംഗപ്പൂരും പിന്തുണ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രത്യേക പരാമര്‍ശിച്ചു.ചൈനയുമായി ഇന്ത്യ സംഘര്‍ഷങ്ങള്‍ക്ക് ഇല്ലെന്ന വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു മോദിയുടെ പ്രസംഗം

നേരത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിന്‍ ലൂങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി വാണിജ്യം,ഐടി,വ്യവസായം എന്നീ മേഖലകളില്‍ എട്ട് കരാറുകളില്‍ ഒപ്പു വച്ചിരുന്നു.സിംഗപ്പൂരിലെ വിവിധ സര്‍വ്വകലാശകളുമായി ഗവേഷണ സഹകരണത്തിനും വിവിധ ഐടി കന്പനികളുമായി സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കും ധാരണയായി