വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി പെരുമ്പാവൂരില്‍ നിന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തിന് പിന്നില്‍ തീവ്രവാദക്കേസ് പ്രതികളാണെന്നാണ് കണ്ടെത്തല്‍. കളമശേരി ബസ് കത്തിക്കല്‍ കേസിലും കോഴിക്കോട് ബസ് സ്റ്റാന്റ് സ്ഫോടനക്കേസിലും നിരവധി കവര്‍ച്ചാ കേസുകളിലും പ്രതിയായ അബ്ദുള്‍ ഹാലിമാണ് കവര്‍ച്ചക്ക് നേതൃത്വം നല്‍കിയത് . ഇയാളുടെ കൂട്ടാളിയും സ്ഫോടനക്കേസ് പ്രതിയുമായ അനസ് പിടിയിലായിട്ടുണ്ട്. കവര്‍ച്ച നടത്തിയ അറുപത് പവനില്‍ പകുതിയോളം കണ്ടെടുത്തു.
ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ അടക്കമുള്ള തീവ്രവാദക്കേസ് പ്രതികളുടെ കേസ് നടത്തിപ്പിന് പണം സ്വരൂപിക്കാനാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. കവര്‍ച്ചക്കിരയായ പെരുമ്പാവൂര്‍ സ്വദേശി സിദ്ധിഖിന്റെ വീടിനടുത്തുളള അജിന്‍സ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തത്. ഇയാളാണ് ഹാലിമിനേയും കൂട്ടരേയും ദൗത്യം ഏല്‍പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
