അനധികൃതമായി അതിർത്തി കടന്നതിന് ശിക്ഷയായി അബ്ദുള്ളയ്ക്ക് ലഭിച്ചത് 22 മാസത്തെ ജയിൽവാസമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പ്രിയപ്പെട്ട താരങ്ങളെ കാണാൻ കഴിയാതെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങി.
ദില്ലി: ബോളിവുഡ് താരം ഷാരൂഖ് ഖാനെയും കാജോളിനെയും കാണാൻ വേണ്ടിയാണ് പാകിസ്ഥാനിൽ നിന്നും അബ്ദുള്ള ഷാ എന്ന ചെറുപ്പക്കാരൻ ഇന്ത്യയിലെത്തിയത്. കൃത്യമായി പറഞ്ഞാൽ 2017 മെയ് 25 ന്. വാഗ അതിർത്തിയിലെ സൈനിക ചടങ്ങ് തീരുന്നത് വരെ കാത്തുനിന്ന അബ്ദുള്ള അതിർത്തി കടന്ന് ഇന്ത്യയിലെത്തി. വന്ന കാര്യം സൈനികരോട് പറഞ്ഞു. ഷാരൂഖ് ഖാനെയും കാജോളിനെയും ഒന്ന് കാണണം. എന്നാൽ അനധികൃതമായി അതിർത്തി കടന്നതിന് ശിക്ഷയായി അബ്ദുള്ളയ്ക്ക് ലഭിച്ചത് 22 മാസത്തെ ജയിൽവാസമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പ്രിയപ്പെട്ട താരങ്ങളെ കാണാൻ കഴിയാതെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങി.
പാകിസ്ഥാനിലെ സീനിക് സ്വാത് ജില്ലയിലെ മിംഗോറ സ്വദേശിയാണ് ഇരുപത്തിരണ്ടുകാരനായ അബ്ദുള്ള ഷാ. നിയമവിരുദ്ധമായി ഇന്ത്യയിലെത്തുന്നതിന് മുമ്പ് അബ്ദുള്ള ഇവിടുത്തെ സർക്കാരിന് കത്തയച്ചിരുന്നു. ആവശ്യം തന്റെ പ്രിയതാരങ്ങളെ ഒരു നോക്ക് കാണണം. എന്നാൽ മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് അതിർത്തി ലംഘിച്ച് കടക്കാന് തീരുമാനിച്ചത്. ഷാരുഖ് ഖാനെയും കാജോളിനെയും കാണാൻ നിയമപരമായി വീണ്ടുമെത്തും എന്ന് തീരുമാനിച്ചാണ് അബ്ദുള്ള മടങ്ങിപ്പോയത്.
