അഭിമന്യുവിന് സിപിഎം വീട് വച്ച് നല്‍കുന്നു വീടിന് കോടിയേരി തറക്കല്ലിടും ലൈബ്രറി ഒരുമാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും
മൂന്നാര്: അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം നിര്മിച്ച് നല്കുന്ന വീടിന്റെ നിര്മാണ പ്രവര്ത്തനങ്ങള് ഇന്നാരംഭിക്കും. വട്ടവടയിലെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീടിന് തറക്കല്ലിടും. അതേസമയം, വട്ടവടയിൽ സ്ഥാപിക്കാനൊരുങ്ങുന്ന ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’ ഒരുമാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും.
പഠിച്ച് ജോലി കിട്ടായാല് കുടുംബത്തിന്റെ എല്ലാ ബാധ്യതകളും കഷ്ടപ്പാടുകളും തീരുമെന്നും ഒരു വീടാണ് തന്റെ സ്വപ്നമെന്നും ആവര്ത്തിച്ച് പറഞ്ഞിരുന്ന അഭിമന്യുവിന്റെ ആഗ്രഹമാണ് സി.പി.ഐ.എം സാക്ഷാത്കരിക്കുന്നത്. വീട് നിര്മ്മിക്കുന്നതിനായി പത്തുലക്ഷം രൂപ നല്കി കൊട്ടക്കമ്പൂരില് 10 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില് നിര്മാണം പൂര്ത്തിയാക്കാമെന്നാണ് പ്രതീക്ഷ. എല്ലാവിധ സൗകര്യങ്ങളോടും കൂടി 1256 ചതുരശ്രയടി വിസ്തീണത്തില് നിര്മിക്കുന്ന വീടിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തറക്കല്ലിടല് ചടങ്ങില് ഇടുക്കി ജില്ലയിലെ സിപിഎം നേതാക്കളെല്ലാം പങ്കെടുക്കും. ഏറ്റവും വേഗത്തില് വീട് നിര്മാണം പൂര്ത്തീകരിച്ച് കുടുംബത്തെ ഇവിടേയ്ക്ക് മാറ്റി പാര്പ്പിക്കുമെന്ന് സിപിഎം നേതാക്കള് പറഞ്ഞു.
അതേസമയം, അഭിമന്യുവിന്റെ പേരിൽ ഇടുക്കി വട്ടവടയിൽ വായനശാല ഒരുങ്ങുകയാണ്. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മുപ്പത് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് എ ക്ലാസ് ലൈബ്രറിയായി ഇത് മാറും. അഭിമന്യുവിന്റെ സ്വപ്നമായിരുന്നു, തന്റെ ഗ്രാമമായ വട്ടവടയിൽ ഒരു ലൈബ്രറിയും പി.എസ്.സി. പരിശീലനകേന്ദ്രവും. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കേരളം മുഴുവൻ കൈകോർത്തിരിക്കുകയാണ്. സുഹൃത്തുക്കളും എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ദൗത്യം ഏറ്റെടുത്തതോടെ ഒട്ടേറെ ആളുകളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.
വട്ടവട പഞ്ചായത്ത് ഓഫീസിന്റെ മുകൾനിലയിലെ 950 ചതുരശ്രയടി വലുപ്പത്തിലുള്ള ഹാളിലാണ് ലൈബ്രറി ഒരുങ്ങുന്നത്. ഞായറാഴ്ചവരെ വിവിധ സംഘടനകളും വ്യക്തികളുംവഴി 17,000 പുസ്തകം ലഭിച്ചു. ഒരുമാസത്തിനുള്ളിൽ ഒരുലക്ഷം പുസ്തകം എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനായി കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ പ്രദേശങ്ങളിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ‘പുസ്തകവണ്ടി’ എന്നപേരിൽ ഓരോ വീട്ടിലുമെത്തി പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. തൃശ്ശൂർ ലൈബ്രറി കൗൺസിൽ, പുരോഗമനകലാസാഹിത്യസംഘം എന്നിവയുടെ നേതൃത്വത്തിൽ ഞായറാഴ്ചമാത്രം 9000 പുസ്തകമെത്തിച്ചു.
പ്രമുഖ എഴുത്തുകാരെല്ലാം തങ്ങളുടെ കൃതികളുടെ ഓരോ പതിപ്പു നൽകാമെന്ന് പഞ്ചായത്ത് അധികൃതർക്ക് ഉറപ്പുനൽകി. മഹാരാജാസ് കോളേജ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് 20,000 പുസ്തകമാണ് നൽകാമെന്നേറ്റിരിക്കുന്നത്. കഴിഞ്ഞദിവസം വനിതാകമ്മിഷനംഗം ഷാഹിദാ കമാൽ വട്ടവടയിലെത്തി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കിയിരുന്നു.ജിദ്ദയിലെ സാംസ്കാരികകൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നുലക്ഷം രൂപ ചെലവിൽ ലൈബ്രറിക്കുള്ളിൽ ബുക്കുകൾ വയ്ക്കുന്നതിനുള്ള റാക്കിന്റെ പണികൾ തുടങ്ങി. അഭിമന്യുവിന്റെയും വട്ടവടയുടെയും ചരിത്രം വിളിച്ചോതുന്ന ഡിജിറ്റൽ തിയേറ്ററും ലൈബ്രറിയിൽ സ്ഥാപിക്കുന്നുണ്ട്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശികളായ നാല് എൻജിനീയർമാരാണ് തിയേറ്റർ സൗജന്യമായി സ്ഥാപിക്കുന്നത്.
കഴിഞ്ഞ മെയ് 22ന് കൊട്ടക്കമ്പൂരിൽ ചേർന്ന ഗ്രാമസഭയിലായിരുന്നു അഭിമന്യു ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. വിദ്യാഭ്യാസപരമായി നാടിനെ മുന്നോട്ട് നയിക്കാൻ വട്ടവടയിൽ നല്ലൊരു വായനശാല വേണം. പതിനയ്യായിരത്തോളം പേരുള്ള വട്ടവടയിൽ സർക്കാർ ജോലിക്കാർ ആരുമില്ല. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിഎസ്സി കോച്ചിംഗ് സെന്റർ തുടങ്ങണം. അഭിമന്യുവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും കൂട്ടുക്കാരും.
