അഭിമന്യുവിന്‍റെ ജീവിതം സിനിമയാകുന്നു
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി ഒരുകൂട്ടം കലാകാരൻമാർ. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ തുടങ്ങും.
അഭിമന്യുവിന്റെ ജീവിതവും വർത്തമാനകാല രാഷ്ട്രീയവുമാണ് സിനിമയുടെ പ്രമേയം. സിപിഎം സൈബർഗ്രൂപ്പുകളുടെ കൂട്ടായ്മയിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗത സംവിധായകൻ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിർവഹിക്കുന്നു.
എറണാകുളം, കോഴിക്കോട്, മൂന്നാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം. അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ പ്രമുഖതാരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സിനിമയിൽ ഉണ്ടാവുമെന്ന് സംവിധായകൻ പറയുന്നു. ശനിയാഴ്ച കോഴിക്കോട് വച്ച് നടത്തുന്ന ഓഡീഷനിൽ പുതുമുഖങ്ങളെ തിരഞ്ഞെടുക്കും.
