Asianet News MalayalamAsianet News Malayalam

അഭിമന്യുവിനെ കൊന്നത് ചുവരെഴുത്തിന്‍റെ പേരില്‍; മുഖ്യപ്രതി മുഹമ്മദിന്‍റെ മൊഴി

  • എന്തുവിലകൊടുത്തും കാംപസ് ഫ്രണ്ടിന്‍റെ പേരിൽ ചുവരെഴുതണം
  • എസ്ഡിപിഐ നിര്‍ദ്ദേശം ഇതായിരുന്നു
Abhimanyu Murder case accuse Muhammed reveals
Author
First Published Jul 19, 2018, 6:55 AM IST

കൊച്ചി: അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിനെയും ഷാനവാസിനേയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഇരുവരെയും ഹാജരാക്കിയത്. കേസിലെ മുഖ്യ പ്രതിയാണ് മുഹമ്മദ്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ഷാനവാസ് അറസ്റ്റിലായത്. കോളേജിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തർക്കമാണ് കൊലപാകതത്തിന് കാരണമെന്നാണ് മുഹമ്മദിന്‍റെ പ്രാഥമിക മൊഴി. എന്തു വിലകൊടുത്തും കാംപസ് ഫ്രണ്ടിന്‍റെ പേരിൽ ചുവരെഴുതണം എന്നായിരുന്നു എസ്ഡിപിഐ നിർദേശമെന്നും മുഹമ്മദ് മൊഴി നൽകി. 

മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും ആയ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.  കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.  അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
 
കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന. കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിതാവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി അവിടെ നിന്നും തിരിച്ച് പഴയ ഒളിതാവളത്തിലെത്തിയപ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്. 

മുഹമ്മദിന്  ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത തലശ്ശേരി സ്വദേശിയായ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷമുള്ള 11 ദിവസവും ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് എസ്ഡിപിഐ നേതൃത്വത്തിന്‍റെ പിന്തുണയോടെയാണെന്ന് വ്യക്തമായിട്ടുണ്ട്.  അതേസമയം ചോദ്യം ചെയ്യലില്‍ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 

ചുമരെഴുത്തുമായി ബന്ധപ്പെട്ട്  എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്ന് മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ക്യംപസിനുള്ളില്‍ നിലനിന്ന ഈ സംഘര്‍ഷാവസ്ഥയെക്കുറിച്ച് കോളേജിന് പുറത്തുള്ള ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ മുഹമ്മദ് വിവരമറിയിച്ചിരുന്നു. 

ഒരു കാരണവശാലും എസ്.എഫ്.ഐക്ക് വഴങ്ങരുതെന്നും കോളേജിന് മുന്നിലെ മതിലില്‍ ക്യാംപസ് ഫ്രണ്ടിന്‍റെ ചുമരെഴുത്ത് തന്നെ വേണമെന്നും പുറത്തുള്ളവര്‍ മുഹമ്മദിന് നിര്‍ദേശം നല്‍കി. ഇപ്രകാരം ചെയ്തെങ്കിലും  രാത്രി ഒന്‍പത് മണിയോടെ ക്യാംപസ് ഫ്രണ്ടിന്‍റെ ചുമരെഴുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മായ്ച്ചു കളഞ്ഞു. 

ഇതോടെ സംഘര്‍ഷം പ്രതീക്ഷിച്ച്കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന 16 എസ്ഡിപിഐ പ്രവര്‍ത്തകരെ മുഹമ്മദ് കോളേജിലേക്ക് വിളിച്ചു വരുത്തി. അഭിമന്യുവിന് കുത്തേറ്റതോടെ  കൊലയാളി സംഘത്തിലെ 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. 

Follow Us:
Download App:
  • android
  • ios