Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാർ: തമിഴ്നാട് നിലപാട് മാറ്റിയില്ലെങ്കിൽ സംഭവിക്കുന്നത്

ഇവർ 142 അടിയിൽ ജലമെത്തിച്ച് വച്ചിരിക്കുന്ന സമയത്താണ്  മഴ കനത്ത് മഴവെള്ളം ഇരച്ചു വരുന്നതെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും.

about mullapperiyar dam opening
Author
Idukki, First Published Aug 15, 2018, 5:09 PM IST


ചരിത്രത്തിലാദ്യമായി വെള്ളപ്പൊക്കം ഇത്രയും രൂക്ഷമായ അവസ്ഥയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ചർച്ചാവിഷയമായിരിക്കുകയാണ്. ശക്തമായ മൺസൂർ മഴയുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ ഡാം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. അണക്കെട്ട് തമിഴ്നാടിന്റെയാണെങ്കിലും കേരളത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അണക്കെട്ടിലെ ജലത്തച്ചൊല്ലി ഇരുസംസ്ഥാനങ്ങളും കലഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.  

142 അടിയാണ് മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി. ഇതിന് മുകളിൽ ജലം എത്തിയതോടെയാണ് ഡാമിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറന്ന് വിട്ടതിന് ശേഷം ഒന്നരയടി ഉയരമുള്ള സ്പിൽ വേ ​ഗേറ്റ് താഴ്ത്തി ഒരടിയാക്കാനുള്ള ശ്രമം തമിഴ്നാടിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു.142 അടി എന്ന കണക്ക് രണ്ട് മിനിറ്റ് പിടിച്ചുനിർത്തി കാണിക്കാൻ വേണ്ടിയാണത്. കേരളത്തിൽ കാലവർഷം ഇതുപോലെ ദുരന്തം വിതയ്ക്കുന്നത് അവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. സ്പിൽവേ ​ഗേറ്റിന്റെ ഉയരം ഒന്നരയടിയിൽ നിന്ന് ഒന്ന് ആക്കുമ്പോൾ ജലനിരപ്പ് ഉയർന്ന് 142 എന്ന അനുപാതത്തിലെത്തി നിൽക്കും. എന്നാൽ കുറച്ച് കഴിഞ്ഞ് വീണ്ടും കുറച്ച് കൂടി ​ഗേറ്റുയർത്തി അത് ഒന്നര അടിയാക്കും. 142 ​അടിയിൽ വെള്ളം നിൽക്കുമെന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് തമിഴ്നാട് ഇങ്ങനെ ചെയ്യുന്നത്. 142 അടി പ്രശ്നമല്ല എന്ന് കേരളത്തെ ബോധിപ്പിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.

ഇവർ 142 അടിയിൽ ജലമെത്തിച്ച് വച്ചിരിക്കുന്ന സമയത്താണ്  മഴ കനത്ത് മഴവെള്ളം ഇരച്ചു വരുന്നതെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും. അവിടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തമിഴ്നാട് ആലോചിക്കുന്നില്ല എന്നതാണ് സത്യം. ഇന്നലെ 136 അടി ആയിരുന്നു വെള്ളത്തിന്റെ അളവ്. അത് പെട്ടെന്ന് വർദ്ധിച്ചാണ് 142-ൽ എത്തിയത്. ഒറ്റദിവസം കൊണ്ട് ആറടിയാണ് വെള്ളം പൊങ്ങിയത്. അത് ആരും പ്രതീ​ക്ഷിച്ച കാര്യമല്ല. വെള്ളത്തിന്റെ അവസ്ഥ ഇപ്പോൾ നിയന്ത്രണത്തിലാണ്. എന്നാൽ മഴ കൂടുകയും അതേ സമയം ഇത്തരത്തിൽ സ്പിൽവേ ഉയരം ഒന്നര അടിയിൽ നിന്ന് ഒരടിയാക്കി കുറയ്ക്കുകയും ചെയ്താൽ പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. 

മുപ്പത്തിമൂന്ന് അണക്കെട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്ത് തുറന്നുവിട്ടിരിക്കുന്നത്. എന്നാൽ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ സാധാരണ ജനങ്ങൾക്ക് അറിയില്ല. 1895 ൽ ബ്രിട്ടീഷ് ​ഗവൺമെന്റാണ് മുല്ലപ്പെരിയാർ ഡാം പണി കഴിപ്പിച്ചത്. പെരിയാർ നദീതടത്തിലെ ആദ്യത്തെ ഡാം കൂടിയാണിത്. ഈ റിസർവ്വോയറിലെ വെള്ളം ഉപയോ​ഗിക്കുന്നത് പ്രധാനമായും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണ്. പിന്നീടാണ് ഈ ജലം ജലസേചനത്തിനായി തിരിച്ചു വിടുന്നത്. വൈ​ഗ അണക്കെട്ടിലേക്ക് സെക്കന്റിൽ 2200 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. കേരളത്തിൽ പതിനാല് അണക്കെട്ടുകളാണുള്ളത്. കേരളത്തിൽ ഒൻപത് പവർ ഹൗസുകളാണുള്ളത്. തമിഴ്നാട്ടിൽ ഒന്നും. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് 1254.75 മെ​ഗാവാട്ടും തമിഴ്നാട്ടിലെ 14-0 മെ​ഗാവാട്ടുമാണ്. 

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും. മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ വെള്ളത്തിന്റെ അളവ് 142 എന്ന് നിലനിർത്തിക്കാണിക്കാൻ തമിഴ്നാട് പണിപ്പെടുമ്പോൾ പ്രശ്നം രൂക്ഷമാകാൻ സാധ്യതയുണ്ട്. മഴ നിർത്താതെ പെയ്യുന്ന സഹചര്യത്തിൽ തമിഴ്നാടിന്റെ നിലപാട് സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ. ശാസ്ത്രീയമായ തീരുമാനമനുസരിച്ചല്ല, രാഷ്ട്രീയ ഇടപെടലിലൂടെയുള്ള തീരുമാനത്തിലാണ് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. 

 

Follow Us:
Download App:
  • android
  • ios